അഴിമതി ഭരണത്തിനെതിരെ കർണാടകയിൽ കോൺഗ്രസിന്റെ നിശ്ശബ്ദസമരം
text_fieldsബംഗളൂരു കോർപറേഷൻ സർക്കിളിലെ റോഡിലെ കുഴിക്കരികിൽ പ്ലക്കാർഡ് ഉയർത്തി കോൺഗ്രസ് പ്രവർത്തകർ നിശ്ശബ്ദസമരം നടത്തുന്നു
ബംഗളൂരു: ബി.ജെ.പി സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ കോൺഗ്രസ് നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ നിശ്ശബ്ദസമരം വ്യത്യസ്തമായി. അഴിമതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആരോപിച്ച് ബംഗളൂരുവിലെ 300 കേന്ദ്രങ്ങളിലാണ് കോണ്‍ഗ്രസിന്റെ നിശ്ശബ്ദ പ്രതിഷേധം. ‘അഴിമതി അവസാനിപ്പിക്കുക, ബംഗളൂരുവിനെ രക്ഷിക്കുക’ എന്ന പ്രമേയത്തിലായിരുന്നു പ്രതിഷേധം. സർക്കാറിന്റെ അഴിമതിക്കെതിരായ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിവിധയിടങ്ങളിൽ പ്രതിഷേധത്തില്‍ അണിചേര്‍ന്നത്. ട്രിനിറ്റി സര്‍ക്കിളില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവർ പങ്കെടുത്തു.
തിങ്കളാഴ്ച രാവിലെ ട്രാഫിക് സിഗ്നലുകളും ജനത്തിരക്കേറിയ പ്രദേശങ്ങളും മെട്രോ സ്റ്റേഷനുകളും കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം. എം.ജി. റോഡിലും ട്രിനിറ്റി സര്‍ക്കിളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുദ്രാവാക്യങ്ങളുയര്‍ത്താതെ പ്ലക്കാര്‍ഡുകള്‍ ഉയർത്തുക മാത്രമാണ് പ്രവർത്തകർ ചെയ്തത്. ഈയടുത്ത് മെട്രോ തൂൺ തകർന്നു അമ്മയും മകനും മരിച്ച സംഭവം, നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ, മാലിന്യം നീക്കാനുള്ള അലംഭാവം, പൊട്ടിപ്പൊളിഞ്ഞ നടപ്പാതകള്‍, മേല്‍പ്പാതകളുടെയും നടപ്പാതകളുടേയും നിര്‍മാണത്തിലെ ഗുണനിലവാരമില്ലായ്മ തുടങ്ങിയവയെല്ലാം പ്ലക്കാര്‍ഡുകളില്‍ മുദ്രാവാക്യങ്ങളായും ചിത്രങ്ങളായും ഉണ്ടായിരുന്നു.ബി.ജെ.പി.
സര്‍ക്കാറിന്റെ അഴിമതിയെക്കുറിച്ച് ബോധവത്കരിക്കുകയാണ് പ്രതിഷേധത്തിലൂടെ ലക്ഷ്യംവെച്ചതെന്ന് ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ. ഹാരിസ് പറഞ്ഞു. 40 ശതമാനം കമീഷന് സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇടക്കിടെ നഗരത്തിലെ റോഡുകളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് അഴിമതിയുടെ തെളിവാണ്. മതിയായ ഗുണനിലവാരമില്ലാതെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുകയാണ്. നഗരത്തിന്റെ പ്രൗഢിയും പ്രതാപവും ഭരണത്തിനു കീഴില്‍ അസ്തമിച്ചെന്നും ഭരണമാറ്റത്തിലൂടെയേ നഗരത്തിന് മോചനമുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ധാര്‍മിക അവകാശമില്ല -മുഖ്യമന്ത്രി
ബംഗളൂരു: അഴിമതിക്കെതിരെ സമരം നടത്താന്‍ കോണ്‍ഗ്രസിന് ധാര്‍മിക അവകാശമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. അഴിമതിക്കാരെ പിടികൂടുന്ന ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. അഴിമതിക്കാര്‍ നയിച്ച സര്‍ക്കാറായിരുന്നു കോണ്‍ഗ്രസിന്റേത്. ഈ വസ്തുതകള്‍ മൂടിവെക്കാനുള്ള തന്ത്രമാണ് കോൺഗ്രസ് സമരങ്ങള്‍. പൊതുജനങ്ങള്‍ ഇതു തിരിച്ചറിയും - മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

