കോൺഗ്രസിന്റെ ‘രാജ്ഭവൻ ചലോ’ മാർച്ച് ഇന്ന്
text_fieldsഡോ. ജി. പരമേശ്വര
ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) അഴിമതി കേസുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർ ചന്ദ് ഗഹ് ലോട്ടിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന ‘രാജ്ഭവൻ ചലോ’ മാർച്ച് ശനിയാഴ്ച നടക്കും. അതോടൊപ്പം എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. ‘രാജ്ഭവൻ ചലോ’ മാർച്ചിൽ കോൺഗ്രസ് എം.പിമാർ, എം.എൽ.എമാർ, എം.എൽ.സിമാർ തുടങ്ങിയവരടക്കം പങ്കെടുക്കും.
മൈസൂരു നഗര വികസന അതോറിറ്റിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കർണാടക മന്ത്രിസഭ വ്യക്തമാക്കിയതാണെന്നും അതുസംബന്ധിച്ച തെളിവുകൾ കൈമാറിയിട്ടും കണക്കിലെടുക്കാൻ ഗവർണർ തയാറായിട്ടില്ലെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ തീരുമാനം എന്താവുമെന്നറിയില്ല. എന്നാൽ, ഗവർണറെ കാര്യം ഉണർത്തേണ്ടതുണ്ടെന്നും അതിനായാണ് പ്രതിഷേധമെന്നും പരമേശ്വര പറഞ്ഞു. ശനിയാഴ്ച ഗവർണറുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. അനുമതി ലഭിച്ചാൽ ശിവകുമാറിനെ കൂടാതെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഏതാനും മന്ത്രിമാരടക്കമുള്ളവർ ഗവർണറെ കാണും.
തടഞ്ഞുവെച്ച ബില്ലുകൾ പാസാക്കണമെന്നും ബി.ജെ.പി മന്ത്രിമാരായിരുന്ന ഗാലി ജനാർദന റെഡ്ഡി, മുരുകേഷ് നിറാനി, ശശികല ജോലെ എന്നിവരെ വിവിധ അഴിമതി കേസുകളിൽ വിചാരണ ചെയ്യാനുള്ള അനുമതി നൽകണമെന്നും ഗവർണറോട് ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

