കോൺഗ്രസിന്റെ ‘പ്രജാ ധ്വനി’ യാത്രക്ക് ബെളഗാവിയിൽ തുടക്കം
text_fieldsകോൺഗ്രസിന്റെ സംസ്ഥാന പര്യടന ബസ് യാത്രയായ ‘പ്രജാധ്വനി’ക്ക് ബെളഗാവിയിൽ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ചേർന്ന് തുടക്കമിടുന്നു
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, പ്രചാരണം സജീവമാക്കി കോൺഗ്രസ്. ‘പ്രജാ ധ്വനി’ എന്ന പേരിൽ കോൺഗ്രസിന്റെ സംസ്ഥാന പര്യടന ബസ് യാത്രകൾക്ക് ബുധനാഴ്ച ബെളഗാവിയിൽ തുടക്കമായി. കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർ ചേർന്ന് ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ‘നിങ്ങളുടെ അവകാശത്തിന് ഞങ്ങളുടെ പോരാട്ടം’ എന്ന മുദ്രാവാക്യവുമായി ഇരുവരുടെയും നേതൃത്വത്തിൽ 31 ജില്ലകളിലും ‘പ്രജാ ധ്വനി’ ബസുകൾ പര്യടനം നടത്തും.
1924ൽ മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം അരങ്ങേറിയ ബെളഗാവിയിലെ ഗാന്ധി സ്മാരകത്തിൽനിന്നാണ് യാത്രയുടെ തുടക്കം. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല, തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചീഫ് എം.ബി. പാട്ടീൽ, നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവ് ബി.കെ. ഹരിപ്രസാദ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ബുധനാഴ്ച ബെളഗാവിയിൽ പര്യടനം നടത്തിയശേഷം മകര സംക്രാന്തിക്കായി യാത്ര താൽക്കാലികമായി നിർത്തിവെച്ചു. സംക്രാന്തി ആഘോഷങ്ങൾക്കുശേഷം ‘പ്രജാ ധ്വനി’ യാത്ര തുടരും.
ജനുവരി 29 വരെ ശിവകുമാറും സിദ്ധരാമയ്യയും ഒന്നിച്ചാണ് പര്യടനം നയിക്കുക. 16ന് ബംഗളൂരുവിൽനിന്ന് ഹൊസപേട്ടിലേക്ക് യാത്ര തിരിക്കും. 17ന് വിജയനഗർ, കൊപ്പാൽ, 18ന് ബാഗൽകോട്ട് ഗദക്, 19ന് ഹാവേരി, ദാവൻകരെ, 21ന് ഹാസൻ, ചിക്കമഗളൂരു, 22ന് ഉഡുപ്പി, ദക്ഷിണ കന്നഡ, 23ന് കോലാർ, ചിക്കമഗളൂരു, 24ന് തുമകൂരു, ദൊഡ്ഡബല്ലാപൂർ, 26ന് മൈസൂരു, ചാമരാജ് നഗർ, 27ന് മാണ്ഡ്യ, രാമനഗര, 28ന് യാദ്ഗിർ, ബിദർ ജില്ലകളിൽ ബസുകളിൽ പര്യടനം നടത്തും.
ഫെബ്രുവരി രണ്ടാം വാരം മുതൽ ഇരു നേതാക്കളുടെയും നേതൃത്വത്തിൽ രണ്ടു യാത്രകളായി തിരിയും. കർണാടകയിലെ ബി.ജെ.പി സർക്കാറിലെ അഴിമതി തുറന്നുകാട്ടുകയും കാർഷിക വിരുദ്ധ നയങ്ങളെ കുറിച്ച് ബോധവത്കരിക്കുകയുമാണ് പ്രധാനമായും പര്യടനത്തിൽ ലക്ഷ്യമിടുന്നത്. സർക്കാറിന്റെ സാമ്പത്തിക പരാജയവും വർഗീയ പ്രചാരണങ്ങളും ബി.ജെ.പിക്കെതിരെ കോൺഗ്രസ് ആയുധമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

