ഉറപ്പുകളുടെ ബലത്തിൽ കർണാടകയിൽ കോൺഗ്രസിന് തുടർഭരണം -മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കമ്പള കമ്മിറ്റിയുടെ ഉപഹാരം മുൻ മന്ത്രി ബി.രമാനാഥ റൈ സമർപ്പിക്കുന്നു
മംഗളൂരു: കർണാടകയിൽ 2028ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.2023-ൽ അവതരിപ്പിച്ച അഞ്ച് ഗ്യാരണ്ടി പദ്ധതികൾ സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തുടനീളം പിന്നാക്കം നിൽക്കുന്നവർ, സ്ത്രീകൾ, തൊഴിലില്ലാത്തവർ, സാമ്പത്തികമായി ദുർബലരായവർ എന്നിവരുടെ ശാക്തീകരണത്തിന് മാതൃകയായി മാറി. ഈ ഉറപ്പുകളാണ് കോൺഗ്രസിന്റെ ബലമെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ താലൂക്കിൽ മുദുരു-പാദൂരിൽ കമ്പള പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള കോൺഗ്രസ് സർക്കാരിന്റെ കാഴ്ചപ്പാടിനെയാണ് ക്ഷേമ നടപടികൾ പ്രതിഫലിപ്പിക്കുന്നത്. സമൂഹത്തിലെ ദരിദ്രർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, ദുർബല വിഭാഗങ്ങൾ എന്നിവരെ ശാക്തീകരിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് അഞ്ച് ഗ്യാരണ്ടികൾ അവതരിപ്പിച്ചത്.
സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുന്നതിനുള്ള ഒരു മാതൃകയായി ഈ പദ്ധതികൾ ഇപ്പോൾ മാറിയിരിക്കുന്നു.ജനാധിപത്യം രാഷ്ട്രീയ പ്രാതിനിധ്യത്തിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്നും സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം ഉറപ്പാക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും ഊർജ്ജസ്വലമല്ലെങ്കിൽ രാഷ്ട്രീയമായി മാത്രം നിലനിൽക്കുന്ന ഒരു ജനാധിപത്യത്തിന് അർത്ഥമില്ല.
സംസ്ഥാന സർക്കാർ ആ ലക്ഷ്യത്തിലേക്കാണ് പ്രവർത്തിക്കുന്നത്.പരിപാടിയുടെ സംഘാടകനായ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബി. രാമനാഥ് റൈ പ്രശംസിച്ച മുഖ്യമന്ത്രി, ഏറ്റവും സത്യസന്ധനായ നേതാക്കളിൽ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിക്കുകയും എംഎൽഎയും മന്ത്രിയുമായിരുന്ന കാലത്ത് ബണ്ട്വാൾ മണ്ഡലത്തിൽ ഏകദേശം 5,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അനുസ്മരിക്കുകയും ചെയ്തു.
എന്നിട്ടും ബണ്ട്വാളിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു, 2028 ൽ അദ്ദേഹം മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിച്ച് വിജയം ഉറപ്പാക്കുമെന്ന് സിദ്ധരാമയ്യ പ്രത്യാശ പ്രകടിപ്പിച്ചു. സന്തോഷ് ഗുരുജി, മുൻ മന്ത്രി വിനയ് കുമാർ സൊറാക്കെ, നിയമസഭയിലെ ഗവൺമെന്റ് ചീഫ് വിപ്പ് സലിം അഹമ്മദ്, പുത്തൂർ എംഎൽഎ അശോക് കുമാർ റൈ, നിയമസഭാ കൗൺസിൽ അംഗം ഇവാൻ ഡിസൂസ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. പയസ് എൽ. റോഡ്രിഗസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

