തീര ജില്ലകളിലെ വർഗീയത; കോൺഗ്രസ് വസ്തുതാന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു
text_fieldsബംഗളൂരു: തീരദേശ കർണാടകയിൽ നിലനിൽക്കുന്ന ദുഷിച്ച വർഗീയ അന്തരീക്ഷം പരിഹരിക്കുന്നതിന് സാമൂഹിക-സാംസ്കാരിക ഇടപെടലുകൾ ഉൾപ്പെടെ സമഗ്രവും ബഹുമുഖവുമായ സമീപനം കോൺഗ്രസ് നിയോഗിച്ച വസ്തുതാന്വേഷണ സമിതി ശിപാർശ ചെയ്തു. രാജ്യസഭ എം.പി സയ്യിദ് നസീർ ഹുസൈൻ അധ്യക്ഷനായ സമിതി വ്യാഴാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് റിപ്പോർട്ട് സമർപ്പിച്ചു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) രൂപവത്കരിച്ച കമ്മിറ്റിയിൽ മഞ്ജുനാഥ് ഭണ്ഡാരി, വി.ആർ. സുദർശൻ, മുതിർന്ന നേതാക്കളായ കിമ്മനെ രത്നാകർ, ജയപ്രകാശ് ഹെഗ്ഡെ, എൻ.എ. ഹാരിസ് എം.എൽ.എ, റോജി എം. ജോൺ എന്നിവരും ഉൾപ്പെടുന്നു.
ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളിലെ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ സ്ഥിതിഗതികൾ സമിതി പരിശോധിച്ചു. ‘കെ.പി.സി.സി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഞങ്ങൾ ഒരു രഹസ്യ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവരുമായി അദ്ദേഹം ഇക്കാര്യം ചർച്ചചെയ്യും’, ഹുസൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.പ്രത്യേക സംഭവങ്ങൾ അന്വേഷിക്കുക എന്നതല്ല പാനലിന്റെ ദൗത്യം. മറിച്ച് ‘ദുഷിപ്പിക്കപ്പെട്ട’ പ്രദേശത്തെ മൊത്തത്തിലുള്ള സാമുദായിക അന്തരീക്ഷം പഠിക്കുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം കുറഞ്ഞു, സാമ്പത്തിക പ്രവർത്തനങ്ങൾ കുറഞ്ഞു.
ചേംബർ ഓഫ് കോമേഴ്സ് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ വൈകുന്നേരം ഏഴ് മണിയോടെ അടച്ചിടും. വിദ്വേഷ പ്രസംഗങ്ങളും പ്രകോപനങ്ങളും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങൾ അവരുടെ പ്രകോപനപരമായ നടപടികളിലൂടെ തീരദേശ മേഖലയിൽ സംഘർഷങ്ങൾ വർധിപ്പിക്കുന്നതിന് സംഭാവന നൽകുകയായിരുന്നു. ഒരുതരം ദുഷിച്ച അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അതിനാൽ സ്ഥിതിഗതികൾ സമഗ്രമായി വിലയിരുത്താൻ ഞങ്ങൾ അവിടെ പോയി.
കമ്മിറ്റി പ്രധാന ശിപാർശകളും നൽകിയിട്ടുണ്ട്. ഭരണപരമായ നടപടികൾ, സാമൂഹിക-സാംസ്കാരിക ഇടപെടലുകൾ, പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വഴികൾ, നടപ്പിലാക്കാൻ കഴിയുന്ന രാഷ്ട്രീയ തന്ത്രങ്ങൾ എന്നിവ ഞങ്ങൾ നിർദേശിച്ചു. ക്രമസമാധാന പാലനമോ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമോ മാത്രം പോരാ. ഇപ്പോഴത്തെ ആവശ്യം സമഗ്രവും ബഹുമുഖവുമായ ഒരു സമീപനമാണ്. തീരദേശ ജില്ലകൾ ഒരുകാലത്ത് സാഹിത്യം, സംഗീതം, വിദ്യാഭ്യാസം, ബാങ്കിങ് എന്നിവയുടെ കേന്ദ്രങ്ങളായിരുന്നു.പുരോഗമനപരവും ഊർജസ്വലവുമായ ഈ സാമൂഹിക ഘടന ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ, സാംസ്കാരിക മൂലധനത്തിന്റെ കാര്യത്തിൽ നമുക്ക് വലിയ നഷ്ടം സംഭവിച്ചു, സമാധാനം പുനഃസ്ഥാപിക്കുന്നതിനും തീരദേശ കർണാടകയെ വികസനത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമാണ് റിപ്പോർട്ട് ലക്ഷ്യമിടുന്നതെന്ന് നസീർ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

