കോൺഗ്രസ് നേതാവ് ആർ. ധ്രുവനാരായണ അന്തരിച്ചു
text_fieldsബംഗളൂരു: ചാമരാജ്നഗർ മുൻ എം.പിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ ആർ. ധ്രുവനാരായണ (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 2009, 2014 കാലത്ത് ചാമരാജ്നഗർ എം.പി ആയിരുന്നു. 2019ൽ ബി.ജെ.പിയുടെ വി. ശ്രീനിവാസ് പ്രസാദിനോട് പരാജയപ്പെട്ടു. 2004ൽ സന്തേമാരഹള്ളി മണ്ഡലത്തിൽനിന്നും 2008ൽ കൊല്ലെഗൽ മണ്ഡലത്തിൽനിന്നും എം.എൽ.എയായി. 2004ൽ ജെ.ഡി.എസിന്റെ എ.ആർ. കൃഷ്ണമൂർത്തിയോട് കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച് ചരിത്രത്തിൽ ഇടംപിടിച്ചു. മലയാളികളടക്കമുള്ളവരോട് അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
1961 ജൂലൈ 31ന് സി. രംഗസ്വാമിയുടെ മകനായി ചാമരാജ്നഗറിലായിരുന്നു ജനനം. അൽപകാലം കൃഷി ഓഫിസറായിരുന്നു. ’83ലാണ് കോൺഗ്രസിൽ ചേർന്നത്. എൻ.എസ്.യു.ഐയിലടക്കം പ്രവർത്തിച്ചു. തുടർന്ന് പാർട്ടിയിലെ വിവിധ ചുമതലകൾ വഹിച്ചു. മൈസൂരു വിജയനഗർ ഫോർത്ത് സ്റ്റേജിലാണ് താമസം. ഭാര്യ: വീണ. മക്കൾ: ദർശൻ, ധിരൺ.
നിര്യാണത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ ശനിയാഴ്ച നടത്താനിരുന്ന രാമനഗർ മണ്ഡലത്തിലെ പ്രജധ്വനി യാത്ര റദ്ദാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ അനുശോചിച്ചു. പകരംവെക്കാനില്ലാത്ത നേതാവായിരുന്നു അദ്ദേഹമെന്നും വിയോഗം രേഖപ്പെടുത്താൻ വാക്കുകളില്ലെന്നും കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.
നീലഗിരി-വയനാട് റെയിൽവേ ആക്ഷൻ കമ്മിറ്റി അനുശോചിച്ചു
ബംഗളൂരു: ധ്രുവനാരായണയുടെ നിര്യാണത്തിൽ നീലഗിരി-വയനാട് റെയിൽവേ ആക്ഷൻ കമ്മിറ്റി അനുശോചിച്ചു. നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതക്ക് വേണ്ടിയുള്ള പ്രവർത്തനത്തിൽ പൂർണ സഹകരണം നൽകിയ വ്യക്തിയാണ് ധ്രുവനാരായണ. പലതവണ ആക്ഷൻ കമ്മിറ്റി അംഗങ്ങൾ അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു.
അന്തരിച്ച ചാമരാജ്നഗർ മുൻ എം.പിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ ആർ. ധ്രുവനാരായണക്ക് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല തുടങ്ങിയവർ ആദരാഞ്ജലിയർപ്പിക്കുന്നു
ചാമരാജ് നഗറിൽനിന്ന് കോയമ്പത്തൂരിലേക്ക് റെയിൽപാത പണിയുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. മൈസൂരുവിനും നഞ്ചങ്കോടിനും ഇടയിൽ ദേശീയപാത 766 നാലുവരിപ്പാതയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചതും അദ്ദേഹമാണ്. ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ. ടി.എം. റഷീദ്, സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത്, ജോസ് തണ്ണിക്കോട്, മോഹൻ നവരംഗ്, നാസർ കാസിം, അബ്ദുൽ റസാക്ക് ചോലക്കൽ, മനോജ്, പി.വൈ. മത്തായി, അനിൽകുമാർ, രാജൻ തോമസ്, ജോസ് കപ്യാരുമല, ജോയിച്ചൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

