തെരഞ്ഞെടുപ്പ്: ആർക്കും ഇരട്ട സീറ്റില്ലെന്ന് ശിവകുമാർ
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഓരോ സ്ഥാനാർഥിക്കും ഓരോ സീറ്റ് മാത്രമെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. കോൺഗ്രസിൽ മത്സരിക്കാനാഗ്രഹിക്കുന്നവർ ശിവകുമാറിനെയും സിദ്ധരാമയ്യയെയും അവരുടെ വീടുകളിൽ സന്ദർശിക്കുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരായാലും ഒരു സീറ്റ് മാത്രമേ മത്സരിക്കാൻ നൽകുകയുള്ളൂവെന്നും പാർട്ടിയാണ് വലത്, വ്യക്തിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ശിവകുമാറിന്റെ പ്രസ്താവന സിദ്ധരാമയ്യയെ ലക്ഷ്യമിട്ടാണെന്ന വിമർശനവും സിദ്ധരാമയ്യ ക്യാമ്പിൽനിന്നുയർന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ തോൽക്കാനിടയുണ്ടെന്ന സൂചനയെ തുടർന്ന് സിദ്ധരാമയ്യ ബാഗൽകോട്ടിലെ ബാദാമിയിലും മത്സരിച്ചിരുന്നു. ചാമുണ്ഡേശ്വരിയിൽ ബി.ജെ.പിയുടെ പിന്തുണ കിട്ടിയ ജെ.ഡി-എസ് സ്ഥാനാർഥി ജി.ടി. ദേവഗൗഡ സിദ്ധരാമയ്യയെ തോൽപിച്ചപ്പോൾ ബദാമിയിൽ ബി.ജെ.പിയുടെ ബി. ശ്രീരാമുലുവിനോട് 1696 വോട്ടിനാണ് അദ്ദേഹം ജയിച്ചുകയറിയത്. ഇത്തവണ സിദ്ധരാമയ്യ ബദാമിയിൽ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ബദാമിക്കു പുറമെ, കോലാർ, വരുണ എന്നിവയാണ് സിദ്ധരാമയ്യയുടെ പരിഗണനയിലുള്ളത്. 'പാർട്ടി അംഗങ്ങൾ സ്വന്തം താൽപര്യങ്ങൾ മാറ്റിവെച്ച് തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയമാണിത്. വ്യക്തിയെക്കാളും എപ്പോഴും പാർട്ടിതന്നെയാണ് വലുത്. പാർട്ടിയെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. എന്നാലേ പാർട്ടി അംഗങ്ങളും അധികാരത്തിലെത്തൂ. ഓരോ അംഗത്തിന്റെയും നേതൃപരമായ കഴിവ് അളക്കുക എന്നത് അത്ര പ്രായോഗികമല്ല. ചില സ്ഥാനാർഥികൾക്ക് 10 ബൂത്ത് മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ.
എന്നാൽ, ചിലർക്ക് 100 ബൂത്ത് വരെ കൈകാര്യം ചെയ്യാനാവും- അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്നവരിൽനിന്ന് പാർട്ടി സംഭാവന സ്വീകരിച്ചതു സംബന്ധിച്ച ചോദ്യത്തിന്, മുമ്പും പാർട്ടി അത്തരം സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാൽ, ഇപ്പോഴാണ് അതൊക്കെ കാര്യമായ വാർത്തയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞങ്ങൾക്ക് ഫണ്ട് ആവശ്യമുണ്ട്. ബ്ലോക്ക്, ജില്ല തലങ്ങളിൽ ഓഫിസ് കെട്ടിപ്പടുക്കാനും പണം ആവശ്യമുണ്ട്. പാർട്ടി പ്രവർത്തകർക്ക് എന്തെങ്കിലും സാമ്പത്തിക ആവശ്യം വന്നാൽ പാർട്ടി അത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളാവാൻ താൽപര്യമുള്ളവരിൽനിന്ന് കോൺഗ്രസ് അപേക്ഷ ക്ഷണിച്ചതോടെ 1350 പേരാണ് നേതൃത്വത്തെ സമീപിച്ചത്. ഇവരിൽനിന്ന് സംഭാവനയായി 23 കോടി രൂപയും പാർട്ടിക്ക് ലഭിച്ചു. വെള്ളിയാഴ്ച ബംഗളൂരുവിൽ ഇവരുടെ യോഗം വിളിച്ചുചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

