കാവിക്കൊടി പിടിച്ച ഉഡുപ്പി ജില്ല കലക്ടർക്കെതിരെ കോൺഗ്രസിന്റെ പരാതി
text_fieldsഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ കാവിക്കൊടി ഉയർത്തി വീശുന്നു
മംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായ ഘോഷയാത്രയിൽ കാവി പതാക പിടിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ താൻ ഔദ്യോഗിക പദവിയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും രാഷ്ട്രീയ പ്രേരിതമായ പങ്കാളിത്തം തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ (ജില്ല കലക്ടർ) ടി.കെ. സ്വരൂപ പറഞ്ഞു. ജനുവരി 18ന് പര്യായ ഘോഷയാത്ര ആരംഭിക്കുന്നതിനിടെ കാവി പതാക ഉയർത്തിയതിന് സ്വരൂപക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നിയമ-മനുഷ്യാവകാശ സെൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയതിന്റെ പശ്ചാത്തലത്തിലാണ് ഡി.സിയുടെ വിശദീകരണം.
ഞായറാഴ്ച പുലർച്ച മൂന്നിന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന്റെ ദ്വിവത്സര പര്യായോത്സവ പരിപാടിയുടെ ഭാഗമായി ഉഡുപ്പി സിറ്റി കൗൺസിൽ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലുള്ള തന്റെ കടമകളുടെ ഭാഗമായി പരിപാടി താൻ ഫ്ലാഗ് ഓഫ് ചെയ്തു. പുതിയ പര്യായ സ്വാമിക്കുള്ള പൗര ബഹുമതി പരിപാടിയിലും സ്വാമി സർവജ്ഞ പീഠത്തിൽ കയറിയതിനുശേഷം നടന്ന ദർബാർ പരിപാടിയിലും താൻ പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല എന്നത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് സ്വരൂപ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ജോഡു കട്ടേയിൽനിന്ന് കൃഷ്ണ മഠത്തിലേക്കുള്ള ഘോഷയാത്രക്ക് മുന്നോടിയായി ഉഡുപ്പി ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ ആർ.എസ്.എസ് പതാക ഡി.സിക്ക് കൈമാറുകയും അത് അവർ പരസ്യമായി ഉയർത്തി വീശുകയും ചെയ്തതായി ഉഡുപ്പി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നിയമ-മനുഷ്യാവകാശ സെൽ പ്രസിഡന്റ് ഹരീഷ് ഷെട്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. ഡി.സിയുടെ അത്തരം പെരുമാറ്റം അസ്വീകാര്യമാണ്. കാരണം, അത് ഉദ്യോഗസ്ഥന്റെ സേവന നിയമങ്ങൾക്കും ഭരണഘടനയിലെ മതേതരത്വ തത്ത്വങ്ങൾക്കും വിരുദ്ധമാണ്. ഇത് അന്വേഷിക്കണമെന്നും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

