‘മംഗളൂരു’ ജില്ലക്കായി കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് ഒറ്റക്കെട്ട്
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലക്ക് ‘മംഗളൂരു’ നാമകരണത്തിന് സമ്മർദം ചെലുത്തുന്നതിനായി കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി-എസ് എന്നീ പാർട്ടികളിലെ നേതാക്കൾ പൊതുവേദിയിൽ ഒത്തുചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ദയാനന്ദ് കട്ടൽസർ, കോൺഗ്രസ് നേതാവ് രക്ഷിത് ശിവറാം, ബി.ജെ.പി നേതാവ് കിരൺ കോടിക്കൽ, ജെഡി (എസ്) നേതാവ് അക്ഷിത് സുവർണ, മുൻ എം.എൽ.എ മൊയ്ദിൻ ബാവ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജില്ലയുടെ പേരുമാറ്റത്തിന് വേണ്ടി വ്യാപക പ്രചാരണം ആരംഭിച്ച തുളു സംഘടനകളുടെ ശക്തമായ പിന്തുണയോടെ ഈ ആവശ്യം ശക്തി പ്രാപിക്കുകയാണ്.
സമൂഹ മാധ്യമ പിന്തുണ വർധിച്ചതിനെത്തുടർന്ന് നേതൃത്വം നൽകുന്നതിനായി മംഗളൂരു ജില്ലാ തുളു പിന്തുണ സമിതി രൂപവത്കരിച്ചു. 600ലധികം പേർ പങ്കെടുത്ത ഗൂഗിൾ മീറ്റിൽ പേരുമാറ്റ ആവശ്യവുമായി മുന്നോട്ട് പോകാൻ കൂട്ടായ തീരുമാനമെടുത്തു. ജില്ലയിലുടനീളമുള്ള പ്രശസ്ത തുളു എഴുത്തുകാർ, പണ്ഡിതർ, മത നേതാക്കൾ എന്നിവർ പങ്കാളികളായി. പേരുമാറ്റത്തിനുള്ള ആഹ്വാനം സംസ്ഥാന തലസ്ഥാനത്ത് ശക്തമായി പ്രതിധ്വനിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് ഇവാൻ ഡിസൂസ എം.എൽ.സി ജില്ലക്ക് മംഗളൂരു നാമകരണം ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

