വീണ്ടും സംഘർഷ ഭീതിയിൽ തീരമേഖല
text_fieldsബന്ദിൽ നിശ്ചലമായ മംഗളൂരു നഗര കാഴ്ചകൾ
മംഗളൂരു: ഒരിടവേളക്കുശേഷം കർണാടകയുടെ തീരമേഖലയിൽ വീണ്ടും അശാന്തി പടരുന്നു. മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ മംഗളൂരുവിൽ ബജ്റങ്ദൾ പ്രവർത്തകനും കൊല്ലപ്പെട്ടതോടെയാണ് തീര മേഖല സംഘർഷഭീതിയിലായത്. തുടർന്ന് ഇതര സമുദായത്തിൽപെട്ട മൂന്നുപേർക്കു നേരെ കൊലപാതക ശ്രമമുണ്ടായി. സംഭവം വർഗീയ സംഘർഷമായി ആളിപ്പടരാതിരിക്കാൻ കർണാടക സർക്കാറും പൊലീസും അതി ജാഗ്രതയാണ് പുലർത്തുന്നത്.
വ്യാഴാഴ്ച 8.27ഓടെ മംഗളൂരു കിന്നിപ്പടവ് ക്രോസിന് സമീപമാണ് സുഹാസ് ഷെട്ടി എന്ന ഹിന്ദുത്വ പ്രവർത്തകൻ കൊല്ലപ്പെടുന്നത്. സഞ്ജയ്, പ്രജ്വൽ, അൻവിത്ത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ സ്വിഫ്റ്റ് കാറിലും പിക്അപ് വാനിലുമായി എത്തിയ സംഘം തടഞ്ഞുനിർത്തി. അഞ്ചാറ് പേരടങ്ങുന്ന ആക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഷെട്ടിയെ ആക്രമിക്കുകയായിരുന്നു മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു.
ഷെട്ടിയെ മംഗളൂരു സിറ്റിയിലെ എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാജ്പെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടാൻ മൂന്ന് അന്വേഷണസംഘങ്ങൾ രൂപവത്കരിച്ചു. ആക്രമണ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. 2022 ജൂലൈ 28ന് കാട്ടിപ്പള്ളയിലെ മംഗലപേട്ടയിൽ താമസിച്ച മുഹമ്മദ് ഫാസിലിനെ സൂറത്ത്കലിലെ വസ്ത്രശാലക്കു പുറത്ത് മുഖംമൂടി ധരിച്ച ആക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ഷെട്ടി.
കൊലപാതകം, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ അഞ്ച് കേസുകളാണ് ഷെട്ടിക്കെതിരെയുള്ളത്. ഒരു കേസിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. രണ്ടെണ്ണത്തിൽനിന്ന് വിട്ടയച്ചു. ബാക്കിയുള്ളവ വിചാരണയിലാണ്. ഫാസിൽ വധക്കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ആക്രമണം നേരിട്ടത്. ഷെട്ടി വധം അറിഞ്ഞ് മംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി. സങ്കീർണ മേഖലകൾ നിരീക്ഷിക്കാൻ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.
ഞായറാഴ്ച മലയാളിയായ അഷ്റഫിനെ ക്രിക്കറ്റ് മത്സരത്തിനിടെ സംഘ്പരിവാർ ബന്ധമുള്ള ആൾക്കൂട്ടം തല്ലിക്കൊന്നതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഷെട്ടിയുടെ കൊലപാതകത്തോടെ ക്രമസമാധാനം നിലനിർത്താൻ പൊലീസ് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണ്.
ആൾക്കൂട്ടക്കൊലപാതകത്തിന് പിന്നാലെ ഹിന്ദുത്വ പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടതോടെ മംഗളൂരുവിൽ പൊലീസ് അതി ജാഗ്രതയിൽ. വിശ്വഹിന്ദു പരിഷത്ത്-ബജ്റങ്ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയാണ് (30) വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്.
മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കിന്നിപ്പടവ് ക്രോസിന് സമീപം ഷെട്ടിയും കൂട്ടുകാരും സഞ്ചരിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.
കാട്ടിപ്പള്ള സ്വദേശി മുഹമ്മദ് ഫാസിലിനെ (23 ) മൂന്നുവർഷം മുമ്പ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുഹാസ് ഷെട്ടി. കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദിൽ പലയിടത്തും സ്വകാര്യബസുകൾക്കുനേരെ കല്ലേറുണ്ടായി.
വ്യാപാരസ്ഥാപനങ്ങൾ ബന്ദനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചു. സുഹാസ് വധത്തിനുപിന്നാലെ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകൾ സംഘർഷ ഭീതിയിലാണ്. വെള്ളിയാഴ്ച മൂന്നിടത്ത് കൊലപാതക ശ്രമം അരങ്ങേറി.
മംഗളൂരു കുണ്ഡിക്കാനയിൽ വെള്ളിയാഴ്ച രാവിലെ മീൻ വിൽപനക്കാരനായ ഉള്ളാൾ സ്വദേശി ലുക്മാൻ (30), ഉഡുപ്പി ബഡഗബെട്ടു നിവാസിയായ ഓട്ടോറിക്ഷ ഡ്രൈവർ അബൂബക്കർ (50), ഉള്ളാൾ തൊക്കോട്ടു ഇന്നർ മാർക്കറ്റിന് സമീപം അലേക്കലയിലെ കെ. ഫൈസൽ (28) എന്നിവർക്കുനേരെയാണ് വധശ്രമമുണ്ടായത്. പരിക്കേറ്റ മൂവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവർ അബൂബക്കറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബൊമ്മറ ബെട്ടു നിവാസി കെ. സന്ദേശ് (31), ബാപ്പുജി ധാർക്കാസിൽനിന്നുള്ള സി. സുശാന്ത് (32) എന്നിവരെ ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തു. മീൻ വിൽപനക്കാരനായ ലുക്മാനെ ആക്രമിക്കവേ, സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീ അലറി വിളിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മംഗളൂരു ഉള്ളാൾ ഉറൂസിന്റെ ഭാഗമായി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. സുഹാസ് ഷെട്ടിയുടെ കൊലപാതക പശ്ചാത്തലത്തിൽ അന്വേഷണത്തിനും പൊലീസിന്റെ ഏകോപനത്തിനുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ. ഹിതേന്ദ്ര വെള്ളിയാഴ്ച മംഗളൂരുവിലെത്തി. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ക്രമസമാധാന പാലനത്തിനായി 22 കെ.എസ്.ആർ.പി പ്ലാറ്റൂണുകൾ, 1,000 പൊലീസ് ഉദ്യോഗസ്ഥർ, എസ്.പി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് എ.ഡി.ജി.പി അഭ്യർഥിച്ചു. കൃത്യമായ വിവരങ്ങൾ പൊലീസ് നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

