ബംഗളൂരു നഗരസഭ വിഭജനം; മന്ത്രിയും എം.എൽ.എമാരും ചർച്ച നടത്തി
text_fieldsഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എം.എൽ.എമാരുമായി ചർച്ച നടത്തുന്നു
ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ)യുടെ സൗകര്യാർഥം ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) വിഭജിക്കുന്നത് സംബന്ധിച്ച് ബംഗളൂരു വികസന മന്ത്രി കൂടിയായ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബംഗളൂരുവിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എമാരുമായി ചർച്ച നടത്തി. പാർട്ടി കാര്യങ്ങളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചുമാണ് ചർച്ച ചെയ്തതെന്ന് മന്ത്രി ശിവകുമാർ പറഞ്ഞു. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പ്രകാരം എത്ര നഗരസഭകൾ രൂപവത്കരിക്കണമെന്നും ചർച്ച ചെയ്തു.
പ്രതിപക്ഷ നേതാക്കളുമായുള്ള ചർച്ച ഇപ്പോഴും ബാക്കിയാണ്. അവരെ വിശ്വാസത്തിലെടുത്ത ശേഷം തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവുമായി സംസാരിക്കുകയും പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിലെടുക്കുകയും വേണം -ശിവകുമാർ പറഞ്ഞു. ബി.ബി.എം.പിയെ മൂന്ന് ഡിവിഷനുകളായി വിഭജിക്കണമെന്ന് ചില എം.എൽ.എമാർ നിർദേശിച്ചപ്പോൾ ഫലപ്രദമായ ഭരണത്തിനായി അഞ്ച് ഡിവിഷനുകളായി വിഭജിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടുമായി താരതമ്യപ്പെടുത്തുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ കുറവായതിനാൽ ബംഗളൂരു നഗരത്തിലെ പുതുതായി ചേർത്ത പ്രദേശങ്ങൾ വികസിപ്പിക്കേണ്ടിവരുമെന്നും എം.എൽ.എമാർ അഭിപ്രായപ്പെട്ടു.
ഒരു തീരുമാനവും എടുക്കാതെ യോഗം അവസാനിച്ചുവെന്നും ബി.ബി.എം.പിയുടെ വിഭജനത്തെക്കുറിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിവേചനാധികാരത്തിന് വിടുമെന്നും യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

