ഗാർഹിക ജോലിക്കാർക്കായി സമഗ്രനിയമം; കരട് ബിൽ പുറത്തിറക്കി കർണാടക
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗാർഹിക ജോലിക്കാരുടെ തൊഴിൽ നിബന്ധനകൾ ക്രമീകരിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ‘കർണാടക ഗാർഹിക തൊഴിലാളി (സാമൂഹിക, സുരക്ഷ, ക്ഷേമ) ബിൽ 2025’ എന്ന കരട് നിയമം സർക്കാർ തയാറാക്കി. അസംഘടിതമായ മേഖലയായ ഗാർഹിക തൊഴിൽ രംഗത്തെ ഔദ്യോഗിക തൊഴിൽ നിയമങ്ങളുടെ പരിധിയിലേക്കു കൊണ്ടുവരുകയാണ് ലക്ഷ്യം.
തൊഴിൽ സമയം, വേതനം, അവധി, ക്ഷേമനിധി സംഭാവനകൾ എന്നിവ ഉൾപ്പെടുന്ന കരാർ തൊഴിലുടമകളും തൊഴിലാളികളും തമ്മിൽ നിർബന്ധമാക്കുന്ന വ്യവസ്ഥ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഗാർഹിക തൊഴിലാളികളും തൊഴിലുടമകളും സേവനദാതാക്കളായ ഏജൻസികളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും രജിസ്ട്രേഷൻ മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കുകയും വേണം. രജിസ്റ്റർ ചെയ്യാതെയുള്ള നിയമനം നിരോധിക്കപ്പെടും.
രജിസ്റ്റർ ചെയ്ത ഗാർഹിക തൊഴിലാളിക്ക് കുറഞ്ഞ വേതനവും ഓവർടൈം വേതനവും ലഭിക്കും. പ്രതിവാരം 48 മണിക്കൂറിൽ കൂടുതലല്ലാത്ത ജോലി സമയം, ആഴ്ചയിലൊരിക്കൽ അവധി, വാർഷിക വേതനാവധി, പ്രസവാവധി തുടങ്ങിയവക്ക് അവകാശവുമുണ്ടാകും. അവർക്ക് ആരോഗ്യപരിരക്ഷ, അപകടപരിഹാരം, പെൻഷൻ, മക്കളുടെ വിദ്യാഭ്യാസ സഹായം ഉൾപ്പെടുന്ന സാമൂഹിക സുരക്ഷ പദ്ധതികളിലേക്ക് പ്രവേശനം ഉറപ്പാക്കുന്നു. വിവേചനം, പീഡനം, ലൈംഗിക ചൂഷണം എന്നിവയിൽനിന്ന് സംരക്ഷണം നൽകുമെന്ന വാഗ്ദാനവും കരടിൽ ഉൾപ്പെട്ടിരിക്കുന്നു.
ഗാർഹിക തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ക്ഷേമ ഫണ്ട് നടക്കുന്നതിനായി രജിസ്ട്രേഷൻ ഫീസ്, തൊഴിലുടമകൾ നൽകേണ്ട ക്ഷേമ ഫീസ് (വേതനത്തിന്റെ അഞ്ചു ശതമാനം വരെ), സർക്കാർ ഗ്രാന്റുകൾ, പിഴകൾ തുടങ്ങിയവ വഴി ധനം സമാഹരിക്കും. സംസ്ഥാന ഗാർഹിക തൊഴിലാളി ക്ഷേമബോർഡ് രൂപവത്കരിച്ച് സർക്കാർ പ്രതിനിധികൾ, തൊഴിലാളികൾ, ട്രേഡ് യൂനിയനുകൾ, തൊഴിലുടമകൾ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ എന്നിവർക്ക് തുല്യപ്രാതിനിധ്യം നൽകും. ജില്ലതലത്തിൽ പ്രത്യേക സമിതികളും രൂപവത്കരിച്ച് തൊഴിലാളി-തൊഴിലുടമ-ഏജൻസി തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കും.
നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്കും ഏജൻസികൾക്കും ആറുമാസം വരെ തടവും 50,000 രൂപ വരെ പിഴയും വിധിക്കാം. ശിശുതൊഴിലാളികളെ നിയമിക്കൽ, മനുഷ്യക്കടത്ത്, പീഡനം തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും ഉയർന്ന പിഴയും നൽകും. ലൈംഗികാതിക്രമ കേസുകൾ നിലവിലുള്ള 2013ലെ ജോലിസ്ഥലത്തെ സ്ത്രീകളുടെ ലൈംഗിക പീഡന നിയമ പ്രകാരം പരിഗണിക്കുമെന്നും കരട് നിയമം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

