ക്ഷേത്രം മെയിൻ റോഡ് കൈയേറിയെന്ന് പരാതി; പുതിയ സർവേക്ക് ഉത്തരവിട്ട് ഹൈകോടതി
text_fieldsബംഗളൂരു: ബംഗളൂരു സുങ്കതഘട്ടെ വില്ലേജ് ഹെഗ്ഗനഹള്ളി മെയിൻ റോഡിൽ ക്ഷേത്രം റോഡ് കൈയേറിയെന്ന പരാതിയിൽ പുതിയ സർവേ നടത്താൻ കർണാടക ഹൈകോടതി ഉത്തരവിട്ടു. ശ്രീ സല്ലപുരദമ്മ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പരാതി. ക്ഷേത്രം റോഡ് കൈയേറിയതാണോ ക്ഷേത്രത്തെ ചുറ്റി റോഡ് നിർമിച്ചതാണോ എന്ന് കണ്ടെത്താനാണ് ഹൈകോടതി സർവേ നിർദേശിച്ചത്.
ഇതിനായി ലാൻഡ് റെക്കോഡ്സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറെയും ഒരു സാങ്കേതിക ടീമിനെയും ചുമതലപ്പെടുത്താൻ ബംഗളൂരു അർബൻ ജില്ല ഡെപ്യൂട്ടി കമീഷണറോട് ഹൈകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
നിലവിൽ റോഡിന്റെ മധ്യത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഹരജിക്കാരൻ കോടതിയിൽ ഹാജരാക്കി. ഇതുമായി ബന്ധപ്പെട്ട കേസിൽ, സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് 2021 മാർച്ച് എട്ടിന് ഹൈകോടതി ബി.ബി.എം.പിയോട് നിർദേശിച്ചിരുന്നു. എന്നാൽ, ബി.ബി.എം.പി സമർപ്പിച്ച റിപ്പോർട്ടിൽ അവ്യക്തതയുള്ളതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവ്.
കൈയേറ്റം നടന്നതാണോ അതോ വർഷങ്ങളായി ക്ഷേത്രം അവിടെ സ്ഥിതി ചെയ്യുന്നുണ്ടോ എന്ന് റിപ്പോർട്ടിൽനിന്ന് വ്യക്തമല്ലെന്ന് കോടതി വ്യക്തമാക്കി. സ്വതന്ത്ര അതോറിറ്റിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഫെബ്രുവരി ഒമ്പതിന് ഹരജി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

