ബ്യൂട്ടിപാർലർ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി; പ്രസ് ക്ലബിൽ തുറന്നു പറച്ചിലിനിടെ പൊട്ടിക്കരഞ്ഞ് യുവതി, സംഭവം മംഗളൂരുവിൽ
text_fieldsമംഗളൂരു പ്രസ്ക്ലബിൽ തന്റെ ദുരനുഭവം വിവരിക്കുന്ന ബ്യൂട്ടീഷ്യൻ
മംഗളൂരു: നഗരത്തിൽ ജ്യോതി-ഹംപൻകട്ട റോഡിലെ ബ്യൂട്ടി പാർലറിൽ മസാജിന്‍റെ മറവിൽ ലൈംഗിക ചൂഷണമെന്ന് പരാതി. തിരുമ്മലിനിടെ പുരുഷ ഇടപാടുകാന്റെ ലൈംഗിക അതിക്രമശ്രമം തടഞ്ഞ ബ്യൂട്ടീഷ്യൻ യുവതിയെ ഉടമ മർദിക്കുകയും അർധനഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച സംഭവം മംഗളൂരു പ്രസ് ക്ലബിൽ വിശദീകരിക്കുന്നതിനിടെ യുവതി പൊട്ടിക്കരഞ്ഞു.
ഒന്നര മാസമായി താൻ പാർലറിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണെന്ന് യുവതി പറഞ്ഞു. പുരുഷ ഉപഭോക്താക്കളെ മസാജ് ചെയ്യാനും ലൈംഗിക സേവനങ്ങൾ നൽകാനും ഈയിടെ ഉടമ തന്നോട് നിർദേശിച്ചു. അവരിൽ നിന്ന് 500 മുതൽ 1,000 രൂപ വരെ ഈടാക്കിയതായും ആരോപിച്ചു.
ബുധനാഴ്ച ഉടമക്ക് പരിചയമുള്ള ഉപഭോക്താവ് പാർലർ സന്ദർശിച്ചു. ഉടമ തന്നോട് മസാജ് ചെയ്യാൻ പറഞ്ഞു. മറ്റ് മാർഗമില്ലായിരുന്നു, പക്ഷേ അയാൾ തെറ്റായ രീതിയിൽ സ്പർശിക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ വിസമ്മതിക്കുകയും പോകാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഉടമ ആക്രമിക്കുകയും തന്റെ ഫോണിൽ നിന്ന് അർധനഗ്ന ഫോട്ടോകൾ എടുക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു.
ഫോട്ടോകൾ ഭർത്താവിനെ കാണിക്കുമെന്ന് ഉടമ ഭീഷണിപ്പെടുത്തുകയും അവ പ്രദർശിപ്പിക്കാൻ മറ്റൊരു സ്ഥലത്തേക്ക് വിളിക്കുകയും ചെയ്തു. പാർലറിൽ ജോലി ചെയ്യുന്ന മറ്റ് നിരവധി സ്ത്രീകൾ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഉടമ തന്നിൽ നിന്ന് 30,000 രൂപ ആവശ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. സിറ്റി പൊലീസ് കമീഷണർക്കും ബന്ദർ പൊലീസ് സ്റ്റേഷനിലും ബ്യൂട്ടീഷ്യൻ പരാതി നൽകിയിട്ടുണ്ട്.
മംഗളൂരു കോർപറേഷൻ മുൻ കോൺഗ്രസ് കൗൺസിലർ പ്രതിഭ കുലൈ ഇരയുടെ ഒപ്പം ഉണ്ടായിരുന്നു. “സ്ത്രീയെ ഒരു പുരുഷ ക്ലയന്റിനെ മസാജ് ചെയ്യാൻ നിർബന്ധിച്ചു, അർധനഗ്ന ഫോട്ടോകൾ കാണിച്ചു പീഡിപ്പിച്ചു. ആഗസ്റ്റ് ആറിന് പരാതി നൽകിയെങ്കിലും രണ്ട് ദിവസത്തിന് ശേഷവും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.”എന്ന് പ്രതിഭ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

