ശ്രീരാമ ക്രെഡിറ്റ് സൊസൈറ്റിയിൽ 40 കോടി നിക്ഷേപത്തട്ടിപ്പെന്ന് പരാതി; കേസെടുത്ത് പൊലീസ്
text_fieldsമംഗളൂരു: ബെൽത്തങ്ങാടി ശ്രീരാമ ക്രെഡിറ്റ് കോ ഓപറേറ്റിവ് സൊസൈറ്റിയുടെ പേരിൽ ഉപഭോക്താക്കളിൽനിന്ന് 40 കോടി രൂപയുടെ നിക്ഷേപം നടത്തി വഞ്ചിച്ചതായി പരാതി. ബെൽത്തങ്ങാടി ടൗണിലെ ജൂനിയർ കോളജ് റോഡിലുള്ള വി.ആർ നായക് കോമ്പൗണ്ടിൽ 25 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സൊസൈറ്റി. പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെൽത്തങ്ങാടിയിലെ ദയാനന്ദ നായക് ഉൾപ്പെടെ 13 നിക്ഷേപകരുടെ വഞ്ചനാ പരാതിയുടെ അടിസ്ഥാനത്തിലാണ് ബെൽത്തങ്ങാടി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ വർഷം നിരവധി നിക്ഷേപകർ കൂട്ടമായി രേഖകൾ ശേഖരിച്ച് ഡെപ്യൂട്ടി കമീഷണർ, പൊലീസ് സൂപ്രണ്ട്, സഹകരണ വകുപ്പ്, വിവിധ ഉപഭോക്തൃ ഫോറങ്ങൾ എന്നിവക്ക് പരാതികൾ സമർപ്പിച്ചു. ഡി.സിയുടെ ഓഫിസ് പിന്നീട് വിഷയം എസ്.പിക്ക് കൈമാറി. സി.ഇ.ഒ ചന്ദ്രകാന്ത് (2021 മുതൽ 2024 വരെ), പ്രസിഡന്റ് സി.എച്ച്. പ്രഭാകർ , വൈസ് പ്രസിഡന്റ് സദാനന്ദ എം. ഉജിരെ, ഡയറക്ടർമാരായ വിശ്വനാഥ് ആർ. നായക്, പ്രമോദ് ആർ. നായക്, വിശ്വനാഥ്, പി. ജഗന്നാഥ്, രത്നാകർ, സുമ ദിനേശ് ഉജിരെ, കെ. മോഹൻലാൽ, കെ. സരിത എസ്, സി.എച്ച്. വിനോദ് കുമാർ എന്നിവർക്കെതിരെയാണ് കേസ്.
ഇതുവരെ 13 പേർ മാത്രമേ ഔദ്യോഗികമായി പരാതി നൽകിയിട്ടുള്ളൂവെങ്കിലും 200ലധികം നിക്ഷേപകർ സൊസൈറ്റിക്ക് കീഴിലുണ്ട്. പലരും പരാതി നൽകാൻ മടിക്കുകയാണെന്ന് പരാതിക്കാരിലൊരാളായ ദയാനന്ദ നായക് പറഞ്ഞു. സൊസൈറ്റിയിൽ ആകെ 40 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

