വീണ്ടും വിദ്വേഷ പ്രസംഗം; ആർ.എസ്.എസ് നേതാവിന് എതിരെ പരാതി
text_fieldsപ്രഭാകർ ഭട്ട്
മംഗളൂരു: പുത്തൂർ വിവേകാനന്ദ കോളജിൽ നടന്ന വിവേകാനന്ദ ജയന്തി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ മുതിർന്ന ആർ.എസ്.എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിനെതിരെയും പ്രസംഗം ഷെയർ ചെയ്ത യൂട്യൂബ് ചാനലിനെതിരെയും സാമൂഹിക പ്രവർത്തകർ പുത്തൂർ ടൗൺ പൊലീസിൽ പരാതി നൽകി.ജനുവരി 12ന് നടന്ന പരിപാടിയിൽ വിവേകാനന്ദ വിദ്യാവർധക സംഘത്തിന്റെ പ്രസിഡന്റായ ഭട്ട് ചരിത്രപരമായ സംഭവങ്ങൾ ഉദ്ധരിച്ച് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അപമാനിച്ചുവെന്ന് കർണാടക മാനവ ബന്ധുത്വ വേദികെയുടെ പുത്തൂർ താലൂക്ക് കമ്മിറ്റി അംഗങ്ങൾ ആരോപിച്ചു.
ക്രിസ്ത്യാനികൾ മതപരിവർത്തനത്തിൽ ഏർപ്പെടുന്നുണ്ടെന്ന് ഭട്ട് ആരോപിക്കുകയും വിഷയവുമായി ബന്ധപ്പെട്ട വ്യാജ സംഭവങ്ങൾ ഉദ്ധരിക്കുകയും ചെയ്തുവെന്ന് പരാതിക്കാർ പറഞ്ഞു. ഭട്ടിനെതിരെയും പ്രസംഗം അപ്ലോഡ് ചെയ്ത ‘വികാസന ടി.വി’ എന്ന യൂട്യൂബ് ചാനലിനെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. യുവാക്കളും വിദ്യാർഥികളും ഉൾപ്പെടുന്ന പ്രേക്ഷകരിലും യൂട്യൂബ് ചാനലിൽ വിഡിയോ കണ്ട ആളുകളിലും ക്രിസ്ത്യാനികളോടും മുസ്ലിംകളോടും എളുപ്പത്തിൽ വിദ്വേഷം വളരാനിടയാക്കുമെന്ന് വേദികെ അംഗങ്ങൾ ആരോപിച്ചു. വിദ്വേഷ പ്രസംഗം നടത്തരുതെന്ന കോടതി ഉത്തരവ് ഭട്ട് ലംഘിച്ചുവെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.
വേദികെ പുത്തൂർ കമ്മിറ്റി ചീഫ് കോഓഡിനേറ്റർ കെ. രാമചന്ദ്ര, എം.ബി. വിശ്വനാഥ റൈ, മൗറീസ് മസ്കരനാസ്, എച്ച്. മുഹമ്മദ് അലി, കാന്യൂട്ട് മസ്കരേനസ്, ഡോ. കെ.ബി. രാജാറാം, ബൊലോഡി ചന്ദ്രഹാസ റൈ, ശശികിരൺ റൈ, അബ്ദുൽ റഹ്മാൻ യുണിക്ക്, ഉല്ലാസ് കൊടിയൻ, പ്രകാശ് ഗൗഡ തെങ്കില എന്നിവർ ചേർന്നാണ് പരാതി നൽകിയത്. പുത്തൂർ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭട്ടിന് പുത്തൂർ അഡി ജില്ല സെഷൻസ് കോടതി (അഞ്ച്) കഴിഞ്ഞ മാസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വിദ്വേഷ പ്രസംഗം നടത്തരുതെന്നായിരുന്നു ഉപാധികളിൽ പ്രധാനം. ഒക്ടോബർ 22ന് പുത്തൂർ താലൂക്കിലെ ഉപ്പലിഗെയിൽ നടന്ന ദീപോത്സവത്തിലും ഗോപൂജയിലും പ്രഭാകർ ഭട്ട് വർഗീയ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഈശ്വരി പദ്മുഞ്ച് നൽകിയ പരാതിയിലായിരുന്നു പുത്തൂർ റൂറൽ പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

