മന്ത്രി മങ്കൽ വൈദ്യ വനഭൂമി കൈയേറിയതായി ഗവർണർക്ക് പരാതി
text_fieldsമന്ത്രി മങ്കൽ വൈദ്യ
മംഗളൂരു: കാർവാർ ജില്ലയിലെ ഭട്കൽ താലൂക്കിൽ ബൈലുരു വനമേഖലയിലെ വനഭൂമി അനധികൃതമായി കൈയേറിയതായി ആരോപിച്ച് ഫിഷറീസ്, തുറമുഖ, ഉൾനാടൻ ജലഗതാഗത മന്ത്രി മങ്കൽ എസ്. വൈദ്യക്കെതിരെ കർണാടക ഗവർണർ തവാർചന്ദ് ഗെഹ്ലോട്ടിന് പരാതി സമർപ്പിച്ചു.
ഭട്കൽ സ്വദേശികളായ ശങ്കർ നായിക്, നാഗേന്ദ്ര നായിക്, നാഗേഷ് നായിക് എന്നിവരാണ് പരാതി നൽകിയത്. മൂവരും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുമ്പാകെ സമാനമായ പരാതി നേരത്തേ നൽകിയിരുന്നു. കൈയേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ മേയ് 18 ന് ഒരു മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വൈദ്യ വനഭൂമി കൈയേറ്റം നടത്തി എന്നാണ് പരാതിയിൽ പറയുന്നത്. വനം അധികൃതർ പരാതി രജിസ്റ്റർ ചെയ്തിട്ടും കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെ മാത്രമേ കുറ്റം ചുമത്തിയിട്ടുള്ളൂവെന്നും വൈദ്യയുടെ പേര് അന്വേഷണത്തിൽനിന്ന് ഒഴിവാക്കിയെന്നും പരാതിയിൽ പറയുന്നു.
വൈദ്യ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നാണ് പരാതിക്കാരുടെ ആരോപണം. തിങ്കളാഴ്ച ആരംഭിക്കുന്ന കർണാടക നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷത്തിന് മറ്റൊരു ആയുധമാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

