വർഗീയ സംഘർഷം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ 25 ലക്ഷം വീതം നൽകി
text_fieldsബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഈയടുത്ത് വർഗീയ-പ്രതികാര സംഭവങ്ങളിൽ കൊല്ലപ്പെട്ട ആറുപേരുടെയും കുടുംബങ്ങൾക്ക് സിദ്ധരാമയ്യ സർക്കാർ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. മുൻ ബി.ജെ.പി സർക്കാറിന്റെ ഭരണഘടനവിരുദ്ധ നടപടികൾ കോൺഗ്രസ് സർക്കാർ തിരുത്തിയെന്ന് സഹായവിതരണ ചടങ്ങിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സർക്കാർ എല്ലാവരുടേതുമാണ്. ഇത്തരത്തിലുള്ള നഷ്ടപരിഹാരം മതത്തിന്റേയും ജാതിയുടേയും പേരിൽ ചിലർക്ക് നൽകാതിരിക്കുന്നത് ഭരണഘടനയുടെ ലംഘനമാണ്. ഇത് മായ്ക്കുകയാണ് തന്റെ സർക്കാർ ചെയ്തത്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ 19ന് ബെള്ളാരിയിൽ കൊല്ലപ്പെട്ട മസ്ഊദ്, ജനുവരി 28ന് കൊല്ലപ്പെട്ട കട്ടിപള്ള സ്വദേശി മുഹമ്മദ് ഫാസിൽ, ഡിസംബർ 24ന് കൊല്ലപ്പട്ട അബ്ദുൽ ജലീൽ, ജനുവരി മൂന്നിന് കൊല്ലപ്പെട്ട ദീപക് റാവു, പശുഗുണ്ടകൾ കൊലപ്പെടുത്തിയ മാണ്ഡ്യ ജില്ലയിലെ ഇദ്രീസ് പാഷ, ജനുവരി 17ന് കൊല്ലപ്പെട്ട ഗദഗ് ജില്ലയിലെ നർഗുണ്ടിലെ ഷമീർ എന്നിവരുടെ കുടുംബങ്ങൾക്കാണ് തിങ്കളാഴ്ച കോൺഗ്രസ് സർക്കാർ നഷ്ടപരിഹാരം കൈമാറിയത്.
എന്നാൽ, ജില്ലയിൽ ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെട്ട മുസ്ലിംകളുടെ കുടുംബങ്ങളെ അവഗണിക്കുകയും ഹിന്ദു കുടുംബങ്ങൾക്ക് മാത്രം സഹായം അനുവദിക്കുകയുമാണ് ബി.ജെ.പി സർക്കാർ ചെയ്തത്.ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പോലും ബി.ജെ.പി വിവേചനം കാണിക്കുന്നുവെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നും വ്യാപകവിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

