കുഞ്ഞുങ്ങൾക്ക് അവഗണ; ശിശു പരിപാലന കേന്ദ്രം അധികൃതർക്കെതിരെ സ്വമേധയാ കേസെടുക്കാൻ കമീഷൻ
text_fieldsമംഗളൂരു: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ ശശിധർ കൊസാംബെ മംഗളൂരു ഗവ. വെൻലോക്ക് ആശുപത്രി, ലേഡി ഗോഷൻ ആശുപത്രി, മൈസൂരു ചെലുവാമ്പ ആശുപത്രി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. മൂന്നിടങ്ങളിലെയും മോശം അവസ്ഥയിലും കെടുകാര്യസ്ഥതയിലും അതൃപ്തി പ്രകടിപ്പിച്ച ചെയർമാൻ അധികൃതരോട് വിശദീകരണം തേടി.
മംഗളൂരു വെൻലോക്കിലെ ശിശുപരിപാലന കേന്ദ്രത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ സാമ്പിളുകൾ കൊസാംബെ നേരിട്ട് പരിശോധിച്ചു. ശിശുക്കളുടെ പ്രവേശന രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്നു കണ്ടെത്തി. പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന അത്യാഹിത വിഭാഗം സന്ദർശിച്ചു.
ലേഡി ഗോഷൻ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂനിറ്റിലെ എയർ കണ്ടീഷനിങ് സംവിധാനങ്ങളുടെ തകരാറുകൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടു. ഇത്തരം യൂനിറ്റുകളിൽ 24 മണിക്കൂർ എയർ കണ്ടീഷനിങ് സംവിധാനം നിർബന്ധമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ശരിയായ നിരീക്ഷണ സംവിധാനം വേണമെന്ന് നിർദേശിച്ചു. കുട്ടികൾക്കുള്ള ഭക്ഷണം റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്നെങ്കിലും ശരിയായി പരിപാലിക്കുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കണമെന്ന് നിർദേശം നൽകി.
അല്ലാത്തപക്ഷം കമീഷൻ സ്വമേധയാ കേസെടുക്കുന്നത് ഉൾപ്പെടെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ജില്ല ആരോഗ്യ ഓഫിസർ ഡോ. തിമ്മയ്യ, വെൻലോക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശിവപ്രസാദ്, ആർ.സി.എച്ച്.ഒ ഡോ. രാജേഷ് എന്നിവർ സംബന്ധിച്ചു.
ചെലുവാമ്പ ആശുപത്രിയിൽ പോഷകാഹാര പുനരധിവാസ കേന്ദ്രം ഏതാണ്ട് പ്രവർത്തനരഹിതമാണ്. പോഷകാഹാരക്കുറവുള്ള ഒരു കുട്ടിയെ പോലും പ്രവേശിപ്പിച്ചിട്ടില്ല. അടുക്കള ഉപയോഗശൂന്യമായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നില്ല. വാർഡിൽ ഒരു പ്രവർത്തനവുമില്ല. കെ.എസ്.സി.പി.സി.ആർ അംഗം തിപ്പേസ്വാമി, ജില്ല ആരോഗ്യ കുടുംബക്ഷേമ ഓഫിസർ ഡോ. കുമാരസ്വാമി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

