സാനു മാസ്റ്റർ ധിഷണയുടെ സൂര്യശില- പു.ക.സ
text_fieldsഎം.കെ. സാനു
ബംഗളൂരു: സൗമ്യവും ദീപ്തവുമായ ജ്ഞാനസാന്നിധ്യമായി മലയാളത്തിന്റെ സാംസ്കാരിക ധൈഷണിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വഴിവിളക്കായിരുന്നു എം.കെ. സാനു മാസ്റ്ററെന്ന് പു.ക.സ ബംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണയോഗം വിലയിരുത്തി. ഓൺലൈനായി നടന്ന യോഗത്തിൽ സുരേഷ് കോടൂർ അധ്യക്ഷതവഹിച്ചു.
വിശ്വ സാഹിത്യത്തിന്റെ വിഹായസുകളിലേക്ക് തുറന്നുവെച്ചൊരു ജാലകമായി സാഹിത്യവിദ്യാർഥികൾക്ക് എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും മാർഗദർശനം നൽകിയ ഗുരുവര്യനായിരുന്നു സാനു മാസ്റ്ററെന്ന് സുരേഷ് കോടൂർ പറഞ്ഞു. ശ്രീനാരായണ ദർശനങ്ങളെ ആഴത്തിൽ ഉൾക്കൊണ്ട സാമൂഹ്യ സാംസ്കാരിക മൂല്യങ്ങളാണ് അദ്ദേഹത്തിന്റെ കർമപാതയെ നിർണയിച്ചത്.
എഴുത്തിൽ ഒരേസമയം ഏറെ ഗഹനവും ഏറ്റവും ലളിതവുമായ ആഖ്യാനങ്ങളുൾപ്പെടെ എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ച സർഗാത്മക ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്ന് സുരേഷ് കോടൂർ വിശദമാക്കി. ചിന്തയുടെ ഉയരവും ജ്ഞാനത്തിന്റെ ഗരിമയും പോലെതന്നെ നൈർമല്യത്തിന്റെ ആർദ്രതയും കൈമുതലായ വാഗ്മിത്വമായിരുന്നു സാനു മാസ്റ്ററുടെ സവിശേഷതയെന്ന് കെ.പി. അജിത് കുമാർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
ജീവചരിത്ര കൃതികളിലും വിമർശന കൃതികളിലും ലളിതവും കരുത്തുറ്റതുമായ ആഖ്യാനഭാഷയാണ് സാനുമാസ്റ്റർ സ്വീകരിച്ചതെന്നും ആശാൻ കൃതികളുടെ ആഴവും പരപ്പും സാനു മാസ്റ്ററിലൂടെ മലയാളികൾക്ക് ഏറെ ലളിതമായി അനുഭവവേദ്യമായെന്ന് കെ.ആർ. കിഷോർ അനുസ്മരിച്ചു. ടി.എം. ശ്രീധരൻ, ഡോ. സുഷമ ശങ്കർ, വല്ലപ്പുഴ ചന്ദ്രശേഖരൻ, ടി.എ. കലിസ്റ്റസ്, ഗീത നാരായണൻ, ഭരതൻ, കൃഷ്ണമ്മ, അനീസ്, പൊന്നമ്മ ദാസ് എന്നിവർ സംസാരിച്ചു. സുദേവൻ പുത്തൻചിറ സ്വാഗതവും ശാന്തകുമാർ എലപ്പുള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

