കർണാടക പൊലീസിൽ കൊളോണിയൽ കാലത്തെ ഓർഡർലി സമ്പ്രദായം നിർത്തലാക്കി
text_fieldsഡി.ജി.പി എം.എ. സലിം
ബംഗളൂരു: പാചകം, വൃത്തിയാക്കൽ, കുട്ടികളെ സ്കൂളിൽ വിടൽ, മറ്റ് വീട്ടുജോലികൾ തുടങ്ങിയ പൊലീസിങ് ഇതര ജോലികൾ ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം കോൺസ്റ്റബിൾമാരെയും നിയോഗിച്ചിരുന്ന കൊളോണിയൽ കാലഘട്ടത്തിലെ ഓർഡർലി സമ്പ്രദായം നിർത്തലാക്കിക്കൊണ്ട് കർണാടക സംസ്ഥാന പൊലീസ് മേധാവി എം.എ. സലീം ഉത്തരവ് പുറപ്പെടുവിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ പേഴ്സനൽ അറ്റൻഡന്റുമാരായി വിന്യസിക്കുന്ന ദീർഘകാല രീതി അവസാനിപ്പിക്കാനും പകരം അവരെ പ്രധാന പൊലീസിങ് ഡ്യൂട്ടികൾക്കായി ഉപയോഗിക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. പൊലീസ് വകുപ്പിൽ നിലവിലുള്ള ഓർഡർലി സംവിധാനം പരിഷ്കരിച്ചുള്ള സർക്കാർ ഉത്തരവിനെ തുടർന്നാണ് തീരുമാനം. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി മുമ്പ് അത്തരം ചുമതലകൾക്ക് നിയോഗിക്കപ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിസ്ഥാപിക്കുന്നതിനായി 373 തസ്തികകൾ സൃഷ്ടിക്കാൻ വകുപ്പ് നിർദേശിച്ചിട്ടുണ്ട് .
ഈ തസ്തികകൾ സൃഷ്ടിക്കുന്നതിനും പിൻവലിച്ച ഓർഡർലി ഉദ്യോഗസ്ഥർക്ക് പകരം നൽകുന്ന അലവൻസ് പരിഷ്കരിക്കുന്നതിനുമുള്ള നിർദ്ദേശം ഔദ്യോഗിക കത്തിടപാടുകൾ വഴി സമർപ്പിച്ചു. പൊലീസ് വകുപ്പിലെ വിവിധ റാങ്കുകളിലായി 2447 തസ്തികകളിലാണ് പുനഃസംഘടന നടക്കുക. ഇതിൽ ഡയറക്ടർ ജനറൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജി ആന്റ് ഐജിപി), ഡയറക്ടർ ജനറൽമാർ (ഡിജി), അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി), ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി), ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജിമാർ), പൊലീസ് സൂപ്രണ്ടുമാർ, കമാൻഡന്റുകൾ, അസിസ്റ്റന്റ് സൂപ്രണ്ടുമാർ ഓഫ് പൊലീസ്, ഡെപ്യൂട്ടി സൂപ്രണ്ടുമാർ ഓഫ് പൊലീസ്, പൊലീസ് ഇൻസ്പെക്ടർമാർ എന്നിവർ ഉൾപ്പെടുന്നു.
പുതുക്കിയ സംവിധാനത്തിൽ 373 ഓർഡർലി ഉദ്യോഗസ്ഥർ തുടരും, അതേസമയം നിലവിൽ ഓർഡർലികളായി വിന്യസിച്ചിരിക്കുന്ന 3320 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പൊലീസിംഗ് ഡ്യൂട്ടികൾക്കായി പുനർവിന്യസിക്കും. ഓർഡർലികൾക്ക് പകരമായി, ഉദ്യോഗസ്ഥർക്ക് അവരുടെ റാങ്ക് അനുസരിച്ച് പ്രതിമാസ അലവൻസ് നൽകും. ഡി.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പ്രതിമാസം 8000 രൂപ, എ.ഡി.ജി.പിമാർക്ക് 6000 രൂപ, ഐ.ജി.പിമാർക്ക് 5000 രൂപ, ഡി.ഐ.ജി/എസ്.പി/കമാൻഡന്റുകൾ എന്നിവർക്ക് 3000 രൂപ, എ.എസ്.പി മാർ, ഡിവൈ.എസ്.പിമാർ/അസി.കമാൻഡന്റുകൾ, പൊലീസ് ഇൻസ്പെക്ടർമാർ എന്നിവർക്ക് 2000 രൂപ എന്നിങ്ങനെയാണ് നിർദ്ദിഷ്ട അലവൻസ് ഘടന.
നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ചില മുതിർന്ന ഉദ്യോഗസ്ഥർക്ക് പാചകക്കാർ, പരിചാരകർ, ഡ്രൈവർമാർ തുടങ്ങിയ പരിമിതമായ സ്റ്റാഫ് പിന്തുണ നൽകാമെന്നും എന്നാൽ ഇരട്ട ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

