കോളജ് വിദ്യാർഥി തടാകത്തിൽ വീണ് മരിച്ചു
text_fieldsചേതൻ
മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ പ്രശസ്തമായ കരിഞ്ച ക്ഷേത്രത്തിനടുത്തുള്ള ഗഡ തീർഥ തടാകത്തിൽ കാൽ വഴുതി വീണ് കോളജ് വിദ്യാർഥി മരിച്ചു. വാഗ്ഗ കരിഞ്ച ക്രോസിനടുത്തുള്ള കാങ്കിത്തിലുവിൽ താമസക്കാരനായ ശ്രീധർ മുള്യയുടെ മകൻ ചേതനാണ് (19) മരിച്ചത്. ബണ്ട്വാൾ ബി മൂഡ ഗവ. പ്രീ-യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയാണ്.
ക്ഷേത്രത്തിലെ പുണ്യതടാകത്തിൽ കാലുകൾ കഴുകാൻ പടികൾ ഇറങ്ങുന്നതിനിടെ ചേതൻ വഴുതി വീണതാണ് ദുരന്തത്തിന് കാരണമായത്. നാട്ടുകാർ സ്ഥലത്തെത്തി നടത്തിയ തീവ്രമായ തിരച്ചിലിനുശേഷം ചേതനെ പുറത്തെടുത്തു. പക്ഷേ, അപ്പോഴേക്കും മരിച്ചിരുന്നു. ബണ്ട്വാൾ റൂറൽ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

