കോളജ് തെരഞ്ഞെടുപ്പ് ഉടൻ പുനരാരംഭിക്കണം -വിദ്യാര്‍ഥി സംഘടനകൾ
text_fieldsമെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണ്‍ പ്രകാശ് ആർ. പാട്ടീല്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകര്‍ എന്നിവര്‍ വിവിധ വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ യോഗത്തില്‍
ബംഗളൂരു: സംസ്ഥാനത്ത് കോളജ് തെരഞ്ഞെടുപ്പ് ഉടൻ പുനരാരംഭിക്കണമെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകൾ സംയുക്തമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണ്‍ പ്രകാശ് ആർ. പാട്ടീലിന്‍റെും ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകറിന്‍റെയും നേതൃത്വത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓഡിറ്റോറിയത്തിൽ വിളിച്ചുചേർത്ത വിദ്യാര്‍ഥി യൂനിയൻ നേതാക്കളുടെ ഒരു ദിവസം നീണ്ട യോഗത്തിലാണ് ഈ ആവശ്യം ഉടലെടുത്തത്. തെരഞ്ഞെടുപ്പ് സുഗമമക്കുന്നതിന് ആവശ്യമായ നിയമങ്ങളും മാർഗനിർദേശങ്ങളും രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രിയോട് ശിപാർശ ചെയ്യുമെന്ന് ഇരുവരും ഉറപ്പ് നൽകി. 2026-27 ലെ ബജറ്റിൽ കോളജുകളിലെ വിദ്യാര്‍ഥി തെരഞ്ഞെടുപ്പ് പുനരുജ്ജീവിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് നീക്കം.
കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് പാര്‍ട്ടികളുമായി അഫിലിയേറ്റ് ചെയ്ത വിദ്യാര്‍ഥി സംഘടനകള്‍ നീക്കത്തെ സ്വാഗതം ചെയ്യുകയും തെരഞ്ഞെടുപ്പ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കാമ്പസ് രാഷ്ട്രീയത്തോടൊപ്പം കോളജ് കാമ്പസുകളിൽ തുടർച്ചയായ അക്രമ സംഭവങ്ങളും സംഘർഷങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ 1989-ൽ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കർണാടകയിൽ വിദ്യാര്‍ഥി തെരഞ്ഞെടുപ്പുകൾ നിരോധിച്ചു. ഇടതുപക്ഷ സംഘടനകളായ സ്റ്റുഡന്‍റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ), ആൾ ഇന്ത്യ സ്റ്റുഡന്‍റ്സ് ഫെഡറേഷൻ (എ.ഐ.എസ്.എഫ്), ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ), ആൾ ഇന്ത്യ സ്റ്റുഡന്‍റ്സ് ഓർഗനൈസേഷൻ (എ.ഐ.എസ്.ഒ) എന്നിവയിലെ വിദ്യാര്‍ഥി നേതാക്കൾ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിൽ പ്രാതിനിധ്യവും വനിതാ സ്ഥാനാർഥികൾക്ക് സംവരണ സീറ്റുകളും ആവശ്യപ്പെട്ടു.
വിദ്യാര്‍ഥി ജെ.ഡി.എസ് പ്രതിനിധി ആദിത്യ എൻ. രാജ് 70 ശതമാനം സീറ്റുകൾ കന്നഡ സംസാരിക്കുന്ന വിദ്യാര്‍ഥകൾക്കായി സംവരണം ചെയ്യണമെന്ന് നിർദ്ദേശിച്ചു. മത്സരിക്കുന്നവര്‍ക്ക് 60 ശതമാനം ഹാജർ നിർബന്ധമാക്കുക, എഫ്.ഐ.ആറുകളോ അക്കാദമിക് ബാക്ക്‌ലോഗുകളോ ഇല്ലാതിരിക്കുക എന്നീ യോഗ്യതാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന് എ.ബി.വി.പി പ്രതിനിധികൾ സർക്കാറിനോട് ആവശ്യപ്പെട്ടു. ഈ നിര്‍ദേശത്തോട് എൻ.എസ്.യു.ഐ, വിദ്യാര്‍ഥി ജെ.ഡി.എസ് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു.
എല്ലാ വിദ്യാര്‍ഥികൾക്കും മത്സരിക്കാൻ അവസരം ഉണ്ടായിരിക്കണമെന്ന് അവർ വാദിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി സംഘടനകളുടെ പങ്ക്, അധികാരങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവ വ്യക്തമായി നിർവചിക്കണമെന്ന് ബാംഗ്ലൂർ മെഡിക്കൽ കോളജിലെ വിദ്യാര്‍ഥികൾ ആവശ്യപ്പെട്ടു. വിദ്യാര്‍ഥി യൂനിയൻ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ജെ.എം. ലിങ്‌ദോ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ സർക്കാർ പാലിക്കുമെന്നും നിലവിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തുമെന്നും പാട്ടീലും സുധാകറും സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

