മംഗളൂരു ജില്ല ജയിലിൽ സംഘർഷം; മൊബൈൽ ഫോണുകൾ പിടികൂടി
text_fieldsമംഗളൂരു: മംഗളൂരു ജില്ല ജയിലിൽ രണ്ട് ബ്ലോക്കുകളിലെ സംഘർഷം ഒതുക്കാൻ എത്തിയ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നാല് മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ സൂപ്രണ്ട് ശരണബസപ്പ നടത്തിയ അപ്രതീക്ഷിത പരിശോധനക്കിടെ എ, ബി ബ്ലോക്കുകളിലെ തടവുകാർ ബഹളം വെച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു.
തുടർന്നാണ് പൊലീസിനെ വിളിച്ചത്. തടവുകാർ അട്ടഹസിക്കുകയും ജയിലിലെ രണ്ട് ഭാഗങ്ങളെ വേർതിരിക്കുന്ന ഇരുമ്പ് ഗേറ്റുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. മംഗളൂരു സിറ്റി പൊലീസും സ്പെഷൽ ടാസ്ക് ഫോഴ്സും പൊലീസ് സ്റ്റേഷൻ ഓഫിസർമാരും ജീവനക്കാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
രണ്ട് ബാരക്കുകളിൽനിന്നായാണ് നാല് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തത്. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ‘എ’ ബ്ലോക്കിലെ തടവുകാരായ മൊയിദ്ദീൻ ഫറാദ്, സർഫറാസ്, മുഹമ്മദ് അൽതാഫ്, ഇംതിയാസ്, അബ്ദുൽ നൗജീദ്, മുഹമ്മദ് സയിൽ അക്രം, മുഹമ്മദ് ഹനീഫ്, ‘ബി’ ബ്ലോക്കിലെ തടവുകാരായ ലതേഷ് ജോഗി, മഞ്ജുനാഥ്, മുരുകൻ, സച്ചിൻ തലപ്പാടി, തുഷാർ അമീൻ, ശബരീഷ്, ഗുരുരാജ്, സുമന്ത് എന്നിവർ സംഭവസമയത്ത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായി കണ്ടെത്തി. ബാർക്കെ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

