പൊലീസ് അനുമതിയോടെ കർണാടകയിൽ സി.ജെ.പി തിരംഗ മാർച്ച്
text_fieldsബംഗളൂരു: ബംഗളൂരു പോലീസ് നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകിയതിനെത്തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത തിരംഗ മാർച്ച് വെള്ളിയാഴ്ച ടൗൺ ഹാളിൽ നടന്നു.
വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് ടൗൺ ഹാളിൽ ആരംഭിച്ച് ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ സമാപിക്കുന്ന രീതിയിലായിരുന്നു മാര്ച്ച് ആസൂത്രണം ചെയ്തത്. നിരവധി നിബന്ധനകൾക്ക് വിധേയമായി വൈകീട്ട് അഞ്ചിനും 6.30 നും ഇടയിൽ മാർച്ചിന് പൊലീസ് അനുമതി നൽകിയതിനെത്തുടർന്ന് സി.ജെ.പി അംഗങ്ങളും അനുയായികളും ഒത്തുകൂടി.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടി, സംഘടന, വ്യക്തി എന്നിവർക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനോ പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന പ്രതിഷേധ പ്ലക്കാർഡുകൾ, ബാനറുകൾ, മറ്റ് വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുന്നതിനോ വിലക്ക് ഏര്പ്പെടുത്തിയതായി പൊലീസ് നിര്ദേശിച്ചതായി അനുയായികള് പറഞ്ഞു. മാർച്ച് പൊതുജനങ്ങൾക്കോ വാഹനങ്ങൾക്കോ തടസമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബംഗളൂരുവിൽ പ്രതിഷേധങ്ങൾ, ഘോഷയാത്രകൾ, റാലികൾ, സമാന പ്രവർത്തനങ്ങൾ എന്നിവ ഫ്രീഡം പാർക്കിൽ മാത്രമായി പരിമിതപ്പെടുത്തിയ കർണാടക ഹൈക്കോടതിയുടെ ഉത്തരവ് കർശനമായി പാലിക്കണമെന്നും സംഘാടകർക്ക് നിർദ്ദേശം നൽകി. ടൗൺ ഹാളിന് സമീപം ഒത്തുകൂടുമ്പോഴോ, കാൽനടയാത്രക്കിടെയോ, ക്വിറ്റ് ഇന്ത്യാ സ്മാരകത്തിന് സമീപം സമാപിക്കുമ്പോഴോ ഹൈക്കോടതി ഉത്തരവിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ മാര്ച്ച് നടത്തുന്നവര്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നിബന്ധനയില് പരാമര്ശമുണ്ട്. സി.ജെ.പി സഹ-കൺവീനർ അശുതോഷ് റാങ്ക, വക്താവ് സൗരവ് ദാസ് എന്നിവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജാഗ്രത കർണാടക, എ.ഐ.എസ്.എ കർണാടക, മൈ വോട്ട്, മൈ റൈറ്റ് എന്നിവയുമായി സഹകരിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

