എസ്.ഐ.ആറിനെതിരെ കാമ്പയിൻ നടത്താൻ പൗരസംഘടനകൾ
text_fieldsബംഗളൂരു: കർണാടകയിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) ‘എന്റെ വോട്ട്, എന്റെ അവകാശം’ എന്ന കാമ്പയിൻ നടത്താൻ പൗരസംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കർണാടക നിയമസഭ എസ്.ഐ.ആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കണം. നിലവിലുള്ള വോട്ട് മോഷണ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലങ്ങൾ പരസ്യമാക്കണം. സംസ്ഥാനത്തെ സിവിൽ സൊസൈറ്റി സംഘടനകളുമായി കൂടിയാലോചന യോഗം നടത്താൻ തെരഞ്ഞെടുപ്പ് കമീഷനിൽ സമ്മർദം ചെലുത്തണം.
വോട്ടർ പട്ടിക തയാറാക്കുന്നതിൽ സുതാര്യത ഉണ്ടായിരിക്കണം. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന രീതിയിൽ, പൊതുജനങ്ങളുമായി വോട്ടർ പട്ടിക പങ്കിടണം എന്നീ ആവശ്യങ്ങളുന്നയിച്ച പ്രമേയം യോഗം അംഗീകരിച്ചു. സിവിൽ സൊസൈറ്റി സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, ട്രേഡ് യൂനിയനുകൾ, വനിത ഗ്രൂപ്പുകൾ, സ്വതന്ത്ര പ്രവർത്തകർ, എഴുത്തുകാർ, വിദ്യാർഥി ഗ്രൂപ്പുകൾ എന്നിവയുടെ പ്രതിനിധികളാണ് പങ്കെടുത്തത്.
ദലിത് സംഘർഷ സമിതി സ്ഥാപക അംഗം ഇന്ദുധര ഹൊന്നാപുര അധ്യക്ഷത വഹിച്ചു. സി.പി.ഐ-എം.എൽ ലിബറേഷൻ സംസ്ഥാന സെക്രട്ടറി ക്ലിഫ്റ്റൺ ഡി. റൊസാരിയോ, ബഹുത്വ കർണാടക അംഗം വിനയ് ശ്രീനിവാസ, ബെല്ലാരിയിൽനിന്നുള്ള സാമൂഹിക പ്രവർത്തകൻ റിസ്വാൻ ഖാൻ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി യൂസുഫ് കാനി, സി.പി.എം പ്രതിനിധി സുരേന്ദ്ര, എഴുത്തുകാരനായ ശ്രീപാദ് ഭട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

