മോഷ്ടാക്കളെ കരുതിയിരിക്കണമെന്ന് സിറ്റി പൊലീസ് കമീഷണറുടെ മുന്നറിയിപ്പ്
text_fieldsബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ
ബംഗളൂരു: വേനൽക്കാല അവധിക്കാലത്ത് വീടിന്റെ സുരക്ഷയെക്കുറിച്ച് ബംഗളൂരു നിവാസികൾ അതിജാഗ്രത പാലിക്കണമെന്ന് പൊലീസ് കമീഷണർ ബി. ദയാനന്ദ് മുന്നറിയിപ്പ് നൽകി. ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുപൂട്ടി ദീർഘയാത്ര പോകുന്നവർക്കായി അദ്ദേഹം സുരക്ഷാ മാർഗനിർദേശങ്ങൾ കൈമാറി.
ദീർഘയാത്ര പോകുമ്പോൾ വിലകൂടിയ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുത്. അവ ബാങ്കിലോ ലോക്കറിലോ സൂക്ഷിക്കുന്നതാണ് നല്ലത്. വീട്ടിൽ ഗുണനിലവാരമുള്ള പൂട്ട് സ്ഥാപിക്കണം.
സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നത് ഉചിതം. താക്കോൽ വീടിനടുത്ത് എവിടെയെങ്കിലും വെക്കുന്ന ശീലം ഉണ്ടാകരുത്. നിങ്ങൾ ഒന്നിലധികം ദിവസത്തേക്ക് യാത്ര പോകുകയാണെങ്കിൽ പുറപ്പെടുന്നതിനുമുമ്പ് ലോക്കൽ പൊലീസിനെ അറിയിക്കുക. ഇത്തരമൊരു സാഹചര്യത്തിൽ പൊലീസിന് പ്രദേശത്ത് പട്രോളിങ് നടത്തുന്നത് എളുപ്പമാകുമെന്ന് ദയാനന്ദ് പറഞ്ഞു. നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും സ്വർണവും ഒരു ചെറിയ അശ്രദ്ധ കാരണം നഷ്ടപ്പെടുത്തരുതെന്ന് കമീഷണർ ഓർമിപ്പിച്ചു.
കള്ളന്മാർ പുറത്തു നിന്ന് മാത്രമല്ല വരുന്നത്. അവർ വീട്ടിലും ഉണ്ടാകാം. അതുകൊണ്ട് വീട്ടുജോലിക്കാരനെ നിയമിക്കുന്നതിനുമുമ്പ് അവരുടെ പശ്ചാത്തലം അറിഞ്ഞിരിക്കണമെന്നാണ് നിർദേശിക്കുന്നത്. തൊഴിലാളികളെ വീടിനു ചുറ്റും കറങ്ങാൻ അനുവദിക്കരുത്. വിലപിടിപ്പുള്ള വസ്തുക്കൾ പൊതുജനങ്ങൾ കാണുന്ന രീതിയിൽ സൂക്ഷിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുതെന്നും പൊലീസ് കമീഷണർ നിർദേശിച്ചു. ബംഗളൂരുവിൽ വീടുകളിൽ മോഷണം നടത്തുന്ന കേസുകൾ അടുത്തിടെ വർധിച്ചുവരുകയാണ്. കുറച്ചു ദിവസംമുമ്പ് പൊലീസ് ഒരു വലിയ ഓപറേഷൻ നടത്തി ഒരു നേപ്പാളി സംഘത്തെ അറസ്റ്റ് ചെയ്തു.
വേനൽക്കാല അവധിക്കാലത്ത് ഇത്തരം സംഘങ്ങൾ കൂടുതൽ സജീവമാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

