സിനിമാറ്റിക് ശൈലി എം.എൽ.എമാർക്ക് ചേർന്നതല്ല -സ്പീക്കർ
text_fieldsയു.ടി.ഖാദർ
മംഗളൂരു: എം.എൽ.എമാർ ഉൾപ്പെടെ ജനപ്രതിനിധികൾ പൊതുസ്ഥലങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് നിയമസഭ സ്പീക്കർ യു.ടി. ഖാദർ. ബെല്ലാരിയിൽ നടന്നത് ശരിയല്ലെന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാറ്റിക് ശൈലിയിലുള്ള സംഘർഷങ്ങളും വിദ്വേഷ രാഷ്ട്രീയവും സമൂഹത്തിൽ ഉണ്ടാകരുത്.
ഇത്തരം പെരുമാറ്റം കാരണം എല്ലാ രാഷ്ട്രീയക്കാരെയും മോശമായി കാണുന്ന അവസ്ഥയുണ്ട്. നിയമസഭക്കകത്തും പുറത്തും എം.എൽ.എമാർ പരസ്പരം ഭീഷണി മുഴക്കുന്നതിനുപകരം മാന്യമായ രീതിയിൽ സംസാരിക്കണം. അവർ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്? ബെല്ലാരിയിലെ കോൺഗ്രസ് എം.എൽ.എ നര ഭാരത് റെഡ്ഡിയെയും ബി.ജെ.പി എം.എൽ.എ ജി ജനാർദൻ റെഡ്ഡിയെയും പരാമർശിച്ചുകൊണ്ട്, ബന്ധപ്പെട്ടവരുമായി സംസാരിക്കുമെന്ന് ഖാദർ അറിയിച്ചു.
ബംഗളൂരു കൊഗിലുവിൽ വീടുകൾ പൊളിച്ചുനീക്കിയ സംഭവം സംബന്ധിച്ച ചോദ്യത്തിന് സംസ്ഥാന സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്നും സ്പീക്കർ എന്ന നിലയിൽ കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും ഖാദർ പറഞ്ഞു. ദക്ഷിണ കന്നട ജില്ലയിൽ വിവാദങ്ങൾക്ക് വഴിവെക്കുന്ന കോഴിപ്പോര് സംഭവങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോൾ "ചൂതാട്ടം നടന്നിട്ടില്ലെന്നും കോഴിപ്പോര് ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും സംഘാടകർ അവകാശപ്പെടുന്നു, അതേസമയം വാതുവെപ്പും ചൂതാട്ടവും കോഴിപ്പോരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസും വാദിക്കുന്നു. നിയമമന്ത്രിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഈ വിഷയം ചർച്ച ചെയ്യും. സർക്കാർ ഉചിതമായ നിയമങ്ങളോ നിയമനിർമാണമോ നടത്തേണ്ടതുണ്ടെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

