മന്ത്രി ഡെവലപ്പേഴ്സ് എം.ഡിയെ സി.ഐ.ഡി അറസ്റ്റ് ചെയ്തു
text_fieldsസുശീൽ മന്ത്രി
ബംഗളൂരു: ഭവന ഇടപാടുകാരെ വഞ്ചിച്ചെന്ന കേസിൽ മന്ത്രി ഡെവലപ്പേഴ്സ് എം.ഡി സുശീൽ മന്ത്രിയെ കർണാടക ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ശനിയാഴ്ച അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബംഗളൂരു ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ മന്ത്രി ഡെവലപ്പേഴ്സിന്റെ 300 കോടിയുടെ ആസ്തി, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആഗസ്റ്റ് രണ്ടാംവാരത്തിൽ പിടിച്ചെടുത്തിരുന്നു.
ഫ്ലാറ്റ് വാങ്ങുന്നതിനായി ഉപഭോക്താക്കൾ നൽകിയ പണം പദ്ധതിക്കായി വിനിയോഗിക്കുന്നതിന് പകരം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇ.ഡിയുടെ നടപടി. ഈ കേസിൽ സുശീൽ മന്ത്രിയെ ഇ.ഡി കഴിഞ്ഞ ജൂൺ 25ന് അറസ്റ്റ് ചെയ്തിരുന്നു.
മന്ത്രി സെറിനിറ്റി, മന്ത്രി വെബ്സിറ്റി, മന്ത്രി എനർജിയ എന്നീ പ്രോജക്ടുകളുടെ പേരിലാണ് തട്ടിപ്പ് നടന്നത്. വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നായി 5000 കോടി രൂപ കടമെടുത്തിരുന്ന സുശീലിന് 1000 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നു. മന്ത്രി ഡെവലപ്പേഴ്സിനും അതിന്റെ ഡയറക്ടർമാർക്കും പല ജീവനക്കാർക്കുമെതിരെ 2020 മാർച്ച് 22ന് ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം ആദ്യം ആരംഭിച്ചത്. പിന്നീട് നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഉപഭോക്താക്കൾ പരാതി നൽകുകയായിരുന്നു. ആയിരക്കണക്കിന് ആളുകളിൽനിന്ന് ഫ്ലാറ്റിന്റെ പേരിൽ 1000 കോടിയിലേറെ രൂപ കമ്പനി ശേഖരിച്ചതായും എന്നാൽ, 10 വർഷമായി ഇവർക്ക് ഫ്ലാറ്റ് നൽകിയിട്ടില്ലെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

