ക്രിസ്മസ്-പുതുവത്സര അവധി; കേരള, കർണാടക ആർ.ടി.സികൾ നാട്ടിലേക്ക് കൂടുതൽ ബസ് ഓടിക്കും
text_fieldsബംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ച് ബംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നും കേരളത്തിലേക്ക് കേരള-കർണാടക ആർ.ടി.സികൾ കൂടുതൽ ബസുകൾ ഓടിക്കും. റിസർവേഷൻ ചൊവ്വാഴ്ച ആരംഭിക്കും.
കേരള ആർ.ടി.സി ഡിസംബർ 20 മുതൽ 25 വരെ ബംഗളൂരുവിൽനിന്ന് കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവിസ് നടത്തും. ഡിസംബർ 26, 28, 31, ജനുവരി ഒന്ന്, രണ്ട് തീയതികളിൽ ബംഗളൂരുവിൽനിന്ന് കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും പ്രത്യേക സർവിസ് നടത്തും.
ഡിസംബർ 22, 23, 24 തീയതികളിലാണ് അവധിക്കായി കൂടുതൽ മലയാളികളും നാട്ടിലേക്കു പോകുന്നത്. യാത്രക്ക് ഒരു മാസം മുമ്പാണ് ആർ.ടി.സി ബസുകളിൽ ബുക്കിങ് തുടങ്ങുന്നത്.
ക്രിസ്മസ്, പുതുവത്സര അവധിക്കൊപ്പം ശബരിമല തീർഥാടന കാലം കൂടിയായതിനാൽ ഡിസംബർ അവസാനത്തോടെ ഒട്ടേറെ മലയാളികളാണ് നാട്ടിൽ പോകാനിരിക്കുന്നത്. ഈ ദിനങ്ങളിൽ സ്വകാര്യബസുകൾ ഉണ്ടെങ്കിലും വൻതുകയാണ് ഈടാക്കുന്നത്. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ നാലായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്.
പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേക്ക് നിവേദനം നൽകുമെന്ന് വിവിധ മലയാളി സംഘടനകൾ അറിയിച്ചു. ശബരിമല തീർഥാടകരുടെ സൗകര്യത്തിനായി ബംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് ഡിസംബർ ഒന്നു മുതൽ കർണാടക ആർ.ടി.സി പ്രത്യേക സർവിസ് നടത്തുന്നുണ്ട്.
രാജഹംസ, ഐരാവത് ബസുകളാണ് ഓടുക. രാജഹംസ ബസ് എല്ലാ ദിവസവും ഉച്ചക്ക് 1.01ന് ശാന്തിനഗർ ബസ്സ്റ്റാൻഡിൽനിന്നും 1.31ന് മൈസൂരു റോഡ് സാറ്റലൈറ്റിൽനിന്നും പുറപ്പെടും. പിറ്റേ ദിവസം രാവിലെ 7.29ന് പമ്പയിലെത്തും. ഐരാവത് വോൾവോ ബസ് ശാന്തിനഗർ സ്റ്റാൻഡിൽനിന്ന് ഉച്ചക്ക് 2.01നും സാറ്റലൈറ്റിൽനിന്ന് 2.45നും പുറപ്പെടും.
പമ്പയിൽ പിറ്റേദിവസം രാവിലെ 6.45ന് എത്തും. രാജഹംസ മൈസൂരുവിൽ വൈകീട്ട് 4.46നും ഐരാവത് 5.45നുമാണ് എത്തുക.തിരിച്ച് ശബരിമല നിലക്കലിൽനിന്ന് രാജഹംസ ദിവസവും അഞ്ചുമണിക്ക് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചക്ക് 12ന് ബംഗളൂരുവിൽ എത്തും. ഐരാവത് തിരിച്ച് 6.01ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11ന് ബംഗളൂരുവിൽ എത്തും. www.ksrtc.inൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

