ഫാക്ടറിയിൽ ക്ലോറിൻ ചോർച്ച; 18 തൊഴിലാളികൾക്ക് ബോധക്ഷയം
text_fieldsമംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ താലൂക്കിൽ ബിനാഗയിലെ ഫാക്ടറിയിൽ ക്ലോറിൻ ചോർച്ചയെതുടർന്ന് 18 തൊഴിലാളികൾ ബോധരഹിതരായി. ഗ്രാസിം ഇൻഡസ്ട്രീസിന്റെ കാസ്റ്റിക് സോഡ ഉൽപാദന യൂനിറ്റിലാണ് സംഭവം.സാങ്കേതിക തകരാർമൂലമാണ് ചോർച്ചയുണ്ടായതെന്നാണ് കമ്പനി അധികൃതരുടെ വാദം. കണ്ണിൽ പൊള്ളലും ശ്വാസതടസ്സവും അനുഭവപ്പെട്ടതായി തൊഴിലാളികൾ പരാതിപ്പെട്ടതിനെതുടർന്ന് അവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള 18 തൊഴിലാളികളിൽ നാല് പേരെ ഫാക്ടറി വളപ്പിലെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സിക്കുകയും 14 പേരെ കാർവാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ക്ലോറിൻ ശ്വസിച്ചതിനെതുടർന്നാണ് തൊഴിലാളികൾക്ക് അസുഖം ബാധിച്ചതെന്ന് ആരോഗ്യ വിഭാഗം ഓഫിസർ ഡോ. രമേഷ് റാവു മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെത്തുടർന്ന് ബിനാഗ ഗ്രാമവാസികൾ ഫാക്ടറി വളപ്പിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. നേരത്തേ ഒരു തൊഴിലാളി ശ്വാസം മുട്ടി മരിച്ചിരുന്നതായി അവർ ചൂണ്ടിക്കാട്ടി. ഫാക്ടറിയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് അധികൃതർ വ്യക്തമായ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന് വാർഡ് അംഗങ്ങളായ പ്രകാശ് നായിക്, രുക്മിണി ഗൗഡ, ശ്വേത നായിക് തുടങ്ങിയവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

