ധർമസ്ഥല: ചിന്നയ്യയുടെ വെളിപ്പെടുത്തൽ പൂർണ ശരി -വിട്ടൽ ഗൗഡ
text_fieldsമംഗളൂരു: ധർമസ്ഥലയിലെ കൂട്ട ശവസംസ്കാരം സംബന്ധിച്ച് മുൻ ശുചീകരണ തൊഴിലാളി മാണ്ഡ്യ സ്വദേശി ചിന്നയ്യ പരാതിക്കാരനായ സാക്ഷി എന്ന നിലയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ 100 ശതമാനം ശരിയാണെന്ന് വിട്ടൽ ഗൗഡ. 2012ൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ധർമസ്ഥല ശ്രീ ക്ഷേത്രക്ക് കീഴിലെ പി.യു കോളജ് വിദ്യാർഥിനിയുടെ മാതൃസഹോദരനായ ഗൗഡ രണ്ടു തവണ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം (എസ്.ഐ.ടി) നേത്രാവതി ധർമസ്ഥല കുളിക്കടവിന് സമീപമുള്ള ബംഗ്ലെഗുഡ്ഡെയിൽ പോയ ശേഷം പുറത്തുവിട്ട വിഡിയോയിലാണ് ഈ അവകാശവാദം.
കുഴിച്ചിട്ട നിരവധി അസ്ഥികൂടങ്ങൾ കണ്ടതായും ഗൗഡ അവകാശപ്പെട്ടു. അവർ (എസ്.ഐ.ടി) എന്നെ രണ്ടുതവണ സ്പോട്ട് മഹസറിനായി ബംഗ്ലെഗുഡ്ഡെയിലേക്ക് കൊണ്ടുപോയി. ആദ്യ സന്ദർശനത്തിൽ മൂന്ന് മനുഷ്യ അസ്ഥികൂടങ്ങളും രണ്ടാമത്തെ സന്ദർശനത്തിൽ മണ്ണിനടിയിൽ ഒരു കൂട്ടം മൃതദേഹങ്ങളും ഞാൻ കണ്ടു. മൊത്തത്തിൽ, കുട്ടികളുടെ അസ്ഥികൂടങ്ങൾ ഉൾപ്പെടെ അഞ്ച് അസ്ഥികൂടങ്ങൾ ഞാൻ കണ്ടു. പരാതിക്കാരൻ ചിന്നയ്യ പറഞ്ഞത് 100 ശതമാനം സത്യമാണെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു.
എന്നാൽ, എസ്.ഐ.ടി വൃത്തങ്ങൾ ഗൗഡയുടെ അവകാശവാദങ്ങൾ നിരസിച്ചു. ധർമസ്ഥല കൂട്ട ശവസംസ്കാര വെളിപ്പെടുത്തൽ നടത്തിയ സാക്ഷി ഹാജരാക്കിയ തലയോട്ടി താൻ കൈമാറിയതാണെന്ന് ഗൗഡ എസ്.ഐ.ടിയെ അറിയിച്ചിരുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന് വെളിപ്പെടുത്തൽ നടത്തിയ ശേഷം നിലപാട് മാറ്റിയ ചിന്നയ്യ തെളിവായി തലയോട്ടി ഹാജരാക്കിയിരുന്നു.
ഇത് വൈദ്യശാസ്ത്ര പഠന-ഗവേഷണ കേന്ദ്രത്തിൽ നിന്ന് സംഘടിപ്പിച്ച 40 വർഷം പഴക്കമുള്ളതാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. കേസുകളുടെ അടിത്തറ ഇളക്കുന്ന ഈ നിഗമനം ശരിയല്ലെന്ന് സ്ഥാപിക്കുന്നതിനാണ് ചിന്നയ്യക്ക് തലയോട്ടി കൈമാറിയത് താനാണെന്ന് അവകാശപ്പെട്ട് ഗൗഡ രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട മഹസർ തയാറാക്കുന്നതിനാണ് ഈ മാസം ആറിനും 10നും എസ്.ഐ.ടി വനത്തിൽ കൊണ്ടുപോയത്.
വിട്ടൽ ഗൗഡയെ എസ്.പി സി.എ സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിസുരക്ഷയോടെ വനത്തിൽ കൂട്ട ശവസംസ്കാര സ്ഥലത്തേക്ക് കൊണ്ടുപോയത്. ഒരു മണിക്കൂറിനു ശേഷം സംഘം കാട്ടിൽ നിന്ന് പുറത്തുവന്നു. അസി. കമീഷണർ, തഹസിൽദാർ, എഫ്.എസ്.എൽ ടീം എന്നിവർ എസ്.ഐ.ടി സംഘത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

