ചിന്നസ്വാമി ദുരന്തം; ആർ.സി.ബി, കെ.എസ്.സി.എ, ഡി.എൻ.എ എന്നിവയെ കുറ്റപ്പെടുത്തി സർക്കാർ റിപ്പോർട്ട്
text_fieldsബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ ഐ.പി.എൽ ക്ലബായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി), കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ), ആർ.സി.ബിയുടെ ഇവന്റ് മാനേജ്മെന്റ് പങ്കാളിയായ ഡി.എൻ.എ നെറ്റ്വർക്സ് എന്നിവയെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്.
ആർ.സി.ബിയുടെ വിക്ടറി പരേഡ് ഏകപക്ഷീയമായാണ് സംഘടിപ്പിച്ചതെന്നും നഗര അധികൃതരിൽനിന്ന് ആവശ്യമായ അനുമതികൾ വാങ്ങിയിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച മുൻ ഹൈകോടതി ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുഞ്ഞ അധ്യക്ഷനായ ഏകാംഗ ജുഡീഷ്യൽ കമീഷൻ കഴിഞ്ഞദിവസം സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
രണ്ട് വാല്യങ്ങളുള്ള അന്വേഷണ റിപ്പോർട്ട് സർക്കാർ കർണാടക ഹൈകോടതിക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ മൂന്നിന് ആർ.സി.ബിയും പഞ്ചാബ് കിങ്സും തമ്മിലെ ഫൈനൽ നടക്കുന്നതിന് തൊട്ടുമുമ്പ് വൈകീട്ട് 6.30നാണ് കബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ ഡി.എൻ.എ നെറ്റ് വർക്കിനുവേണ്ടി കെ.എസ്.സി.എ അധികൃതർ കത്തു നൽകുന്നത്.
ആർ.സി.ബി വിജയിച്ചാൽ ചിന്നസ്വാമി സ്റ്റേഡിയത്തിനു ചുറ്റും വിക്ടറി പരേഡ് നടത്താനും സ്റ്റേഡിയത്തിനകത്ത് വിജയാഘോഷ ചടങ്ങ് നടത്താനും ആർ.സി.ബി, ഡി.എൻ.എ മാനേജ്മെന്റുകൾ താൽപര്യപ്പെടുന്നതായാണ് കത്തിലുള്ളത്. എന്നാൽ, ഇത് നിയമപ്രകാരമുള്ള അനുമതിക്കുള്ള അപേക്ഷയായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനങ്ങൾ തടിച്ചുകൂടുന്ന പരിപാടികൾക്ക് 2009ലെ എൽ.സി.എ.പി -ബാംഗ്ലുർ സിറ്റി ഉത്തരവ് പ്രകാരം പ്രത്യേക അനുമതി സിറ്റി പൊലീസിൽനിന്ന് വാങ്ങേണ്ടതുണ്ട്.
പ്രതീക്ഷിക്കുന്ന ജനങ്ങൾ എത്ര, ചടങ്ങിനായുള്ള വാഹന സംവിധാനങ്ങൾ എന്തൊക്കെ, ജനത്തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ എന്തെല്ലാം തുടങ്ങിയ നിർണായക വിവരങ്ങൾ കത്തിൽ ഇല്ലാതിരുന്നതിനാൽ പൊലീസ് അനുമതി നിഷേധിച്ചു. ആവശ്യമായ വിവരങ്ങളില്ലാത്തതിനാൽ സുരക്ഷ മുൻകരുതൽ സ്വീകരിക്കാൻ പൊലീസിനുമായില്ല.
എന്നാൽ, ജൂൺ നാലിന് രാവിലെ ഏഴിന് വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ആർ.സി.ബി ഏകപക്ഷീയമായി വിക്ടറി പരേഡ് പ്രഖ്യാപിച്ചു.
വിധാൻ സൗധ മുതൽ ചിന്ന സ്വാമി സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. വൈകീട്ട് 3.14ന് ഇട്ട അവസാന പോസ്റ്റിൽ വൈകീട്ട് അഞ്ചിന് പരേഡ് ആരംഭിക്കുമെന്നും തുടർന്ന് സ്റ്റേഡിയത്തിൽ ആഘോഷം നടക്കുമെന്നും അറിയിച്ചിരുന്നു. സൗജന്യ പാസുകൾ ഓൺലൈനിൽ ലഭിക്കുമെന്ന അറിയിപ്പ് ഈ പോസ്റ്റിലാണ് നൽകിയത്.
പക്ഷേ, അപ്പോഴേക്കും ലക്ഷക്കണക്കിന് ആരാധകർ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. മൂന്നു ലക്ഷത്തിലേറെ ആരാധകർ എത്തിയതായാണ് കണക്കാക്കുന്നത്. സൂചന ബോർഡുകൾ സ്ഥാപിക്കാതിരുന്നതും ഗേറ്റുകളിലും സ്റ്റേഡിയത്തിനകത്തും പരിശീലനം ലഭിച്ച കാവൽക്കാരില്ലാതിരുന്നതും പൊലീസിനെ വിട്ടുനൽകാൻ ആവശ്യമായ തുക മാനേജ്മെന്റ് നൽകാതിരുന്നതും വീഴ്ചയായി.
ഈ സാഹചര്യത്തിലും ബംഗളൂരു പൊലീസ് പല സുരക്ഷ നടപടികളും കൈക്കൊണ്ടു. നാല് ഡി.സി.പിമാർ, ആറ് എ.സി.പിമാർ എന്നിവരടക്കം 654 പൊലീസുകാരെയാണ് സിറ്റി പൊലീസ് വിന്യസിച്ചത്. എച്ച്.എ.എൽ വിമാനത്താവളത്തിൽനിന്ന് ആഡംബര ഹോട്ടലായ താജ് വെസ്റ്റ് എൻഡിലേക്കും തുടർന്ന് വിധാൻസൗധയിലേക്കുമുള്ള ആർ.സി.ബി ടീമിന്റെ സഞ്ചാരം പൊലീസ് സുഗമമാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ആർ.സി.ബി, ഡി.എൻ.എ, കെ.എസ്.സി.എ എന്നിവ നടപടിക്രമങ്ങൾ പാലിക്കാതിരുന്നതും നഗര ഭരണാധികാരികളിൽനിന്ന് ആവശ്യമായ അനുമതി വാങ്ങാതിരുന്നതും ദുരന്തത്തിന് വഴിവെച്ചുവെന്നും സംഭവത്തിൽ സിറ്റി പൊലീസ് കമീഷണറടക്കം അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറഞ്ഞു.
റിപ്പോർട്ടിന്റെ പകർപ്പ് കെ.എസ്.സി.എ, ആർ.സി.ബി, ഡി.എൻ.എ എന്നിവക്ക് നൽകാൻ കർണാടക ഹൈകോടതി കഴിഞ്ഞദിവസം സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

