ചിന്നസ്വാമി സ്റ്റേഡിയം; ക്രിക്കറ്റ് മത്സരാനുമതി നിബന്ധനകളോടെ -ആഭ്യന്തര മന്ത്രി
text_fieldsആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുമതി നൽകിയത് നിബന്ധനകളോടെ മാത്രമാണെന്നും സുരക്ഷാ മാനദണ്ഡം കർശനമായി പാലിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റേഡിയത്തിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹ കമ്മിറ്റി വിശദ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിക്കാൻ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് (കെ.എസ്.സി.എ) അനുമതി നൽകിയത്.
കമ്മിറ്റി ശിപാർശയനുസരിച്ചുള്ള പരിഷ്കാരങ്ങളും തിരുത്തൽ നടപടികളും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് നിർദേശം കെ.എസ്.സി.എക്ക് നടപ്പാക്കി തുടങ്ങി. ആവശ്യമായ എല്ലാ മാറ്റങ്ങളും നടപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകി. അനുമതി നിബന്ധനകൾക്ക് വിധേയമാണെന്നും മത്സരം നടക്കുന്നതിന് മുമ്പ് സ്റ്റേഡിയം വീണ്ടും പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മൊത്തത്തിലുള്ള അവസ്ഥ വിലയിരുത്തുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ചീഫ് കമീഷണർ എം. മഹേശ്വര്‍ റാവുവിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കമ്മിറ്റി റിപ്പോർട്ടും കണക്കിലെടുത്തതായി പരമേശ്വര പറഞ്ഞു. ഇക്കാര്യം മന്ത്രിസഭയിൽ വിശദമായി ചർച്ച ചെയ്തതാണ്. ഹ്രസ്വ, ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനം എടുത്തിട്ടുണ്ട്.
മാർച്ചിൽ ഐ.പി.എൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചതിനാൽ അതിനു മുമ്പ് എല്ലാ ഹ്രസ്വകാല വ്യവസ്ഥകളും പാലിക്കണം. ഈ വ്യവസ്ഥകൾക്ക് വിധേയമായാണ് അനുമതി നൽകിയത്. കെ.എസ്.സി.എ നൽകിയ ഉറപ്പുകളിൽ വിശ്വാസമർപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോവുന്നത്. എല്ലാ വ്യവസ്ഥകളും പൂർണമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ മറ്റൊരു പരിശോധനയും നടത്തുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജൂണിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐ.പി.എൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് 13 പേർ മരിച്ചതിനെ തുടർന്ന് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

