ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഐ.ജിയുടെ സസ്പെൻഷൻ ട്രൈബ്യൂണൽ റദ്ദാക്കിയത് സർക്കാറിന് തിരിച്ചടി
text_fieldsബംഗളൂരു: കഴിഞ്ഞ മാസം നാലിന് ആർ.സി.ബി ടീം ഐ.പി.എൽ കിരീടം ചൂടിയതിന്റെ ആഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ വികാസ് കുമാർ വികാസിനെതിരെ കൈക്കൊണ്ട സസ്പെൻഷൻ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) റദ്ദാക്കി. ബംഗളൂരു സിറ്റി (വെസ്റ്റ്) ഇൻസ്പെക്ടർ ജനറലും അഡീ. പൊലീസ് കമീഷണറുമായി സേവനമനുഷ്ഠിക്കുകയായിരുന്നു വികാസ് കുമാർ വികാസ്. സി.എ.ടി ഉത്തരവ് സംസ്ഥാന സർക്കാറിന് വലിയ തിരിച്ചടിയായി. ജസ്റ്റിസ് ബി.കെ. ശ്രീവാസ്തവ, ജസ്റ്റിസ് സന്തോഷ് മെഹ്റ എന്നിവരടങ്ങിയ സി.എ.ടി ഡിവിഷൻ ബെഞ്ചാണ് സസ്പെൻഷൻ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 50ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥന്റെ എല്ലാ അലവൻസുകളും തിരികെ നൽകാനും സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും ബെഞ്ച് സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു. ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ച് ഉദ്യോഗസ്ഥരിൽ ഉൾപ്പെട്ട വികാസ് കുമാർ വികാസ് തന്റെ സസ്പെൻഷൻ ചോദ്യം ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
സംഭവത്തിൽ സംസ്ഥാന സർക്കാർ തന്നെ ബലിയാടാക്കിയെന്ന് അദ്ദേഹം വാദിച്ചു. കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ എ.കെ. ഗിരീഷ്, അസിസ്റ്റന്റ് പൊലീസ് കമീഷണർ സി. ബാലകൃഷ്ണ, സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ ശേഖർ എച്ച് ടെക്കണ്ണവർ എന്നിവരെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് സസ്പെൻഡ് ചെയ്തിരുന്നത്. ഈ ഉദ്യോഗസ്ഥർക്ക് കർത്തവ്യത്തിൽ കാര്യമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി എന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

