ദക്ഷിണ കന്നടയിൽ ബാലാവകാശ ലംഘനം വർധിക്കുന്നു
text_fieldsമംഗളൂരു: ദക്ഷിണ കന്നടയിൽ വർധിച്ചുവരുന്ന കുട്ടികളുടെ അവകാശ ലംഘനങ്ങൾ ഗുരുതര ആശങ്ക ഉയർത്തുന്നുണ്ടെന്ന് വനിത-ശിശു വികസന ഡെപ്യൂട്ടി ഡയറക്ടർ എ. ഉസ്മാൻ പറഞ്ഞു. മംഗളൂരുവിൽ കുട്ടികളുടെ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു വകുപ്പുകളുടെ പിന്തുണയോടെ ഇവ പരിഹരിക്കാൻ വകുപ്പ് ശ്രമിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയിൽ ‘അക്ക പാടെ’സംരംഭം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് രേഖകൾ കാണിക്കുന്നുണ്ടെങ്കിലും മുൻകാലങ്ങളിലെ തിരോധാനങ്ങൾ വിസ്മൃതിയിലാണ്. ബാലവേലയും ഭിക്ഷാടനവും സംബന്ധിച്ച കേസുകൾ 1098 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് എ.സി.പി (സി.സി.ആർ.ബി) ഗീത കുൽക്കർണി പൊതുജനങ്ങളോട് അഭ്യർഥിച്ചു. 15 വയസ്സിന് മുകളിലുള്ള മൂന്ന് കുട്ടികളെ ബാലവേലയിൽനിന്ന് അടുത്തിടെ മോചിപ്പിച്ചതായും പിന്നീട് അവരെ സ്കൂളിൽ ചേർത്തതായും ലേബർ ഓഫിസർ വിൽമ ടൗറോ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം മയക്കുമരുന്നുകളുടെ ലഭ്യത, ബാലവേല, ഭിക്ഷാടനം, ലൈംഗികാതിക്രമങ്ങൾ, ബാലവിവാഹം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ സെഷനിൽ വിദ്യാർഥികൾ ഉന്നയിച്ചു. സ്കൂളുകൾക്ക് സമീപമുള്ള പെട്ടിക്കടകളിൽ പോലും മയക്കുമരുന്ന് വിൽക്കുന്നുണ്ട്. ചില മാതാപിതാക്കളും അടിമകളാണ്. അത്തരം കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഒരു വിദ്യാർഥി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുടെ വർധിച്ചുവരുന്ന ഭീഷണി കുട്ടികൾ ഉയർത്തിക്കാട്ടുകയും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ബോധവത്കരണ പരിപാടികൾ നടത്തണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

