ശൈശവ വിവാഹങ്ങൾ കൂടുന്നു; സാംസ്കാരിക മന്ത്രിക്ക് ആശങ്ക
text_fieldsശിവരാജ് തങ്കഡഗി
ബംഗളൂരു: കൊപ്പൽ ജില്ലയിലും തന്റെ കനകഗിരി നിയമസഭ മണ്ഡലത്തിലും ശൈശവ വിവാഹങ്ങൾ തുടർച്ചയായി സംഭവിക്കുന്നതിൽ കർണാടക പിന്നാക്ക വിഭാഗ വികസന, കന്നട, സാംസ്കാരിക മന്ത്രിശിവരാജ് തങ്കഡഗി ആശങ്ക പ്രകടിപ്പിക്കുകയും കർശന നടപടി സ്വീകരിക്കാത്തതിന് അധികാരികളെ വിമർശിക്കുകയും ചെയ്തു. ബുധനാഴ്ച ഗംഗാവതിയിൽ നടന്ന ത്രൈമാസ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊപ്പൽ ജില്ലയിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ നാല് ശൈശവ വിവാഹ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. താൻ പ്രതിനിധാനം ചെയ്യുന്ന കനകഗിരി നിയമസഭ മണ്ഡലത്തിൽ രണ്ട് ശൈശവ വിവാഹ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചത്? വനിത ശിശുക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചു.
ഈ കേസുകളുമായി ബന്ധപ്പെട്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. എന്നാലും അതൃപ്തി പ്രകടിപ്പിച്ച മന്ത്രി തങ്കഡഗി എഫ്.ഐ.ആർ ഫയൽ ചെയ്യുന്നത് മാത്രം പോരാ എന്നും ഈ വിഷയത്തെക്കുറിച്ച് അവബോധം വളർത്താൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നും പറഞ്ഞു.
വനിത ശിശുക്ഷേമ വകുപ്പിലെയും പൊലീസ് വകുപ്പിലെയും ഉദ്യോഗസ്ഥർ ശൈശവ വിവാഹത്തിന്റെ വിഷയം ഗൗരവമായി കാണണം. ശൈശവ വിവാഹങ്ങളെ പിന്തുണക്കുന്നവരെയോ പ്രോത്സാഹിപ്പിക്കുന്നവരെയോ ചോദ്യം ചെയ്യാൻ തങ്കഡഗി അധികാരികൾക്ക് നിർദേശം നൽകി. ഈ വിഷയത്തിൽ പ്രാദേശിക രാഷ്ട്രീയക്കാരുടെയോ സ്വാധീനമുള്ള നേതാക്കളുടെയോ സമ്മർദത്തിന് വഴങ്ങരുതെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
നമ്മൾ ഏതുതരം സമൂഹത്തിലാണ് ജീവിക്കുന്നത്? കൊച്ചുകുട്ടികളെ വിവാഹത്തിന് നിർബന്ധിക്കുന്നു. അധികാരികൾ ഈ പ്രശ്നത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണുകയും അത്തരം രീതികൾ തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം - അദ്ദേഹം ആവശ്യപ്പെട്ടു. കൊപ്പൽ ജില്ലയുടെ ചുമതലയുള്ള മന്ത്രികൂടിയാണ് തങ്കഡഗി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

