ചിക്കമംഗളൂരു പൊലീസ് മർദനം: അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് പ്രകടനം നടത്തി
text_fieldsമംഗളൂരു: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച അഭിഭാഷകനെ ചിക്കമംഗളൂരു ടൗൺ പൊലീസ് മർദിച്ച സംഭവം പൊലീസ്-അഭിഭാഷക പോരിലേക്ക്. ഇരു വിഭാഗവും പരസ്പരം ആരോപണവുമായി തെരുവിൽ ഇറങ്ങുകയാണ്. സബ് ഇൻസ്പെക്ടറേയും അഞ്ച് പൊലീസുകാരേയും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പൊലീസുകാരും കുടുംബാംഗങ്ങളും തെരുവിലിറങ്ങിയതിന് പിന്നാലെ ബാർ അസോസിയേഷൻ ബാനറിൽ അഭിഭാഷകരും പ്രതിഷേധവുമായി രംഗത്തെത്തി.
മംഗളൂരു ബാർ അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന് അസോ. പ്രസിഡന്റ് പ്രത്വിരാജ് റൈ, വൈസ് പ്രസിഡന്റ് മനോരാജ് രാജീവ്, സെക്രട്ടറി സുധീർ എൻമകജെ എന്നിവർ നേതൃത്വം നൽകി. മൈസൂരുവിൽ അസോസിയേഷൻ നേതൃത്വത്തിൽ കോടതി ബഹിഷ്കരിച്ച് നടത്തിയ പ്രതിഷേധ റാലി അഭിഭാഷകരുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കോടതി സമുച്ചയം പരിസരം മുതൽ രാമസ്വാമി സർക്ക്ൾ വരെ മനുഷ്യച്ചങ്ങല തീർത്തു. റാലിയിലും ചങ്ങലയിലും പൊലീസിനെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങി.
അഡ്വ. കെ. പ്രീതത്തെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ച സംഭവത്തിൽ എസ്.ഐ മഹേഷ് പൂജാരിയേയും അഞ്ച് പൊലീസുകാരേയും ചിക്കമംഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് വിക്രം അമത്തെ സസ്പെൻഡ് ചെയ്തിരുന്നതായി മൈസൂരു ബാർ അസോസിയേഷൻ പ്രസിഡന്റ് എം. മഹാദേവസ്വാമി പറഞ്ഞു. ഇതേത്തുടർന്ന് അഭിഭാഷകർ പൊലീസുകാരെ മർദിച്ചു എന്ന കേസ് കെട്ടിച്ചമക്കുകയായിരുന്നു. വധശ്രമം (307) ചുമത്തപ്പെട്ട പൊലീസുകാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന അപഹാസ്യ നടപടിയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന അഭിഭാഷകനെ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് തടഞ്ഞ് ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു. അത് ശരിയല്ല, പിഴ അടക്കാം എന്ന് പറഞ്ഞതോടെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വയറിങ്ങിന് ഉപയോഗിച്ച് ശേഷിച്ച പൈപ്പ് കഷണം കൊണ്ട് പുറത്ത് തുടർച്ചയായി അടിച്ചു. മുഷ്ടി ചുരുട്ടി നെഞ്ചിലും വയറിലും ഇടിച്ചു. കുഴഞ്ഞു വീണുപോയ താൻ ബോധം തെളിഞ്ഞപ്പോൾ ആശുപത്രിയിലായിരുന്നു എന്നാണ് അഭിഭാഷകൻ പരാതിയിൽ പറഞ്ഞിരുന്നത്.
എന്നാൽ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്താൻ എത്തിയ അഭിഭാഷകർ ആക്രമിച്ചതായി ആരോപിച്ച് അടുത്ത ദിവസം ചിക്കമംഗളൂരു ടൗൺ സ്റ്റേഷനിലെ പൊലീസുകാരും ബന്ധുക്കളും തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്നതാണ് പിന്നീട് കണ്ടത്. അഡ്വ. പ്രീതം എ.എസ്.ഐ ഗുരുപ്രസാദിന്റെ മുഖത്ത് കൈ കൊണ്ട് അടിച്ചുവെന്നും മറ്റു അഭിഭാഷകർ അക്രമം നടത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങുകയും ചെയ്തു എന്നുമാണ് പൊലീസ് ഭാഷ്യം. ജോലി നിർവഹിക്കുക മാത്രമാണ് പട്രോളിങ് പൊലീസുകാർ ചെയ്തത്. അതിന്റെ പേരിൽ അച്ചടക്ക നടപടി ആത്മവീര്യം കെടുത്തുമെന്നും പറഞ്ഞു.
മംഗളൂരു വെസ്റ്റേൺ റേഞ്ച് ഐ.ജി ചന്ദ്ര ഗുപ്ത സ്ഥലത്തെത്തിയ ശേഷമാണ് പൊലീസ് പിൻവാങ്ങിയിരുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രിമാരായ ബി.ജെ.പി നേതാവ് ബസവരാജ് ബൊമ്മൈയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

