കരിഞ്ചന്തക്കെതിരെ കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsബംഗളൂരു: അവശ്യവസ്തുക്കളുടെ അനധികൃത സംഭരണവും കരിഞ്ചന്തയും തടയാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധ സംഭരണവും കരിഞ്ചന്ത പ്രവർത്തനങ്ങളും നിരന്തരം നിരീക്ഷിക്കണം. അനാവശ്യമായി സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തടയണം. നിലവിലുള്ള പ്രതിസന്ധി നിയന്ത്രണ വിധേയമാകുന്നതുവരെ എല്ലാ ജില്ല ഡെപ്യൂട്ടി കമീഷണർമാരും (ഡി.സി) പൊലീസ് സൂപ്രണ്ടുമാരും (എസ്.പി) ദിവസേന മാധ്യമസമ്മേളനങ്ങൾ നടത്തണം.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഐക്യത്തിന് ഭീഷണിയാകുന്ന തരത്തിൽ സാഹചര്യം ചൂഷണം ചെയ്യുന്ന, വർഗീയ വികാരങ്ങൾ ഉണർത്തുന്ന, വർഗീയ ഭിന്നത സൃഷ്ടിക്കുന്ന, രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാൻ ഗൂഢാലോചന നടത്തുന്ന എല്ലാവരുടെയും പട്ടിക എല്ലാ ഡി.സിമാരും എസ്.പിമാരും തയാറാക്കണം. സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. വർഗീയത വ്യാപരിപ്പിക്കുന്നവരുടെ പട്ടിക പുതുക്കുകയും അവരെ നിരീക്ഷണത്തിൽ സൂക്ഷിക്കുകയും വേണം.
സംസ്ഥാനത്ത് വ്യാജ വാർത്തകൾ തടയേണ്ടതും അവ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതും അനിവാര്യമാണ്. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിച്ചേ പറ്റൂ. സംസ്ഥാനത്തിന്റെ ക്രമസമാധാനപാലനത്തേക്കാൾ വലുതായി ഒന്നുമില്ല. സംസ്ഥാനത്തെ ജനങ്ങളുടെ സംരക്ഷണത്തിനാവണം പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

