ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ: ശാന്തിനഗറും രാജാജി നഗറും സെമിയിൽ
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്.എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ശാന്തിനഗർ, രാജാജിനഗർ മണ്ഡലങ്ങൾ സെമിയിൽ പ്രവേശിച്ചു. ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന ഒന്നാം ക്വാർട്ടർ ഫൈനലിൽ ശാന്തിനഗർ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് പുലികേശി നഗറിനെയും രണ്ടാം ക്വാർട്ടറിൽ രാജാജി നഗർ രണ്ടിനെതിരെ നാലു ഗോളുകൾക്ക് യെലഹങ്കയെയും പരാജയപ്പെടുത്തി. ബുധനാഴ്ച ഉച്ചക്ക് 1.30ന് നടക്കുന്ന മൂന്നാം ക്വാർട്ടറിൽ കെ.ആർ പുരവും സർവജ്ഞ നഗറും വൈകീട്ട് മൂന്നിന് നടക്കുന്ന നാലാം ക്വാർട്ടറിൽ സി.വി. രാമൻ നഗറും ബി.ടി.എം ലേഔട്ടും തമ്മിൽ ഏറ്റുമുട്ടും. സെമി ഫൈനൽ ജൂലൈ 19നും ഫൈനൽ 21 നും നടക്കും.

