കോവിഡ്: ഏത് സാഹചര്യവും നേരിടാൻ സജ്ജരാകണമെന്ന് മുഖ്യമന്ത്രി
text_fieldsബംഗളൂരു: കർണാടകയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഭാവിയിലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പൂർണമായി സജ്ജരായിരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അധികൃതർക്ക് നിർദേശം നൽകി. കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ, ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയിൽനിന്നും കോവിഡ് ടാസ്ക് ഫോഴ്സ് മേധാവിയിൽനിന്നും അദ്ദേഹം വിവരങ്ങൾ ശേഖരിച്ചു. മുൻകരുതൽ നടപടിയായി പ്രായമായവർ, ഗർഭിണികൾ, ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണം. ആരോഗ്യപ്രശ്നങ്ങളുള്ള ഗർഭിണികളെ ആശുപത്രികൾക്കുള്ളിൽ മാറ്റിവെക്കുന്നത് നിർത്തണമെന്നും എല്ലാ ആശുപത്രികളിലും അവരെ ചികിത്സിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ്-19 സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ ആഴ്ചയിലൊരിക്കലോ മൂന്ന് ദിവസത്തിലൊരിക്കലോ കേസുകൾ ഉദ്യോഗസ്ഥർ അവലോകനം ചെയ്യണം. ജലദോഷം, പനി എന്നിവയുള്ള കുട്ടികളെ സ്കൂളിൽ വിടാതെ വീട്ടിൽതന്നെ സൂക്ഷിക്കാൻ മുഖ്യമന്ത്രി മാതാപിതാക്കളോട് അഭ്യർഥിച്ചു. അത്തരം ലക്ഷണങ്ങൾക്കായി വിദ്യാർഥികളെ നിരീക്ഷിക്കാനും ജലദോഷം അല്ലെങ്കിൽ പനി ബാധിച്ച കുട്ടികളെ വീട്ടിലേക്ക് അയക്കാനും സ്കൂളുകൾക്ക് നിർദേശം നൽകി.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എല്ലാ ആശുപത്രികളിലും കിടക്കകൾ, ഓക്സിജൻ വെന്റിലേറ്ററുകൾ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത നിർബന്ധമാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

