ദക്ഷിണ കന്നട കലക്ടറേറ്റ് മന്ദിരം മുഖ്യമന്ത്രി 16ന് ഉദ്ഘാടനം ചെയ്യും
text_fieldsദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്തസമ്മേളനം നടത്തുന്നു. ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിളൻ, ഇവാൻ ഡിസൂസ എം.എൽ.സി, സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ എന്നിവർ സമീപം
മംഗളൂരു: പാഡിലിൽ പുതുതായി നിർമിച്ച ഡെപ്യൂട്ടി കമീഷണർ ഓഫിസും ഉർവയിലെ അത്യാധുനിക ഇൻഡോർ സ്റ്റേഡിയവും ഈമാസം 16ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ ഡിസി ഓഫിസ് 75 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.
പ്രാരംഭ പദ്ധതി എസ്റ്റിമേറ്റ് 55 കോടി രൂപയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി സ്മാർട്ട് സിറ്റി മിഷൻ ഫണ്ടിൽനിന്ന് 20 കോടി രൂപകൂടി ലഭ്യമാക്കി. ഈ സൗകര്യം പൊതുസേവന വിതരണം ഗണ്യമായി മെച്ചപ്പെടുത്തുകയും ജില്ലക്ക് കൂടുതൽ കേന്ദ്രീകൃത ഭരണ സജ്ജീകരണം നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കാര്യക്ഷമമായ ഭരണത്തിനും പൗര കേന്ദ്രീകൃത സേവനത്തിനുമുള്ള പ്രതിബദ്ധതയാണ് പുതിയ ഡിസി ഓഫിസ് പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 23 വകുപ്പുകളെ ഒരു മേൽക്കൂരക്ക് കീഴിൽ കൊണ്ടുവരുന്നതിലൂടെ ഭരണം കാര്യക്ഷമമാക്കുകയും പൊതുജനങ്ങൾക്കുള്ള പ്രവേശം മെച്ചപ്പെടുത്തുകയും ചെയ്യും.
35 കോടി രൂപ ചെലവിൽ നിർമിച്ച ഉർവയിലെ ആധുനിക ഇൻഡോർ സ്റ്റേഡിയം വിവിധ കായിക, ഇൻഡോർ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള സമകാലിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചത്. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക പ്രതിഭകൾക്ക് ഗുണനിലവാരമുള്ള പരിശീലന അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനും ഇത് ലക്ഷ്യമിടുന്നു.
സിദ്ധരാമയ്യ നേരത്തേ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രണ്ടു പദ്ധതികളും ആരംഭിച്ചത്. സർക്കാർ വകുപ്പുകൾ പുതിയ ഡിസി ഓഫിസിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഉദ്ഘാടന ദിവസം ആരംഭിക്കും. രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഘട്ടംഘട്ടമായുള്ള സ്ഥലംമാറ്റം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്ഘാടന ചടങ്ങുകളിൽ ജില്ല ഉദ്യോഗസ്ഥരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

