കേന്ദ്ര ഫണ്ടുകൾ വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
text_fieldsജില്ല വികസന ഏകോപന, നിരീക്ഷണ സമിതി അവലോകന യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിക്കുന്നു
ബംഗളൂരു: ഭദ്ര അണക്കെട്ട് പദ്ധതിക്കുള്ള ഫണ്ട്, വയോധികർക്കും ദരിദ്രർക്കുമുള്ള പെൻഷനുകൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുൾപ്പെടെ സംസ്ഥാനത്തിന് പ്രഖ്യാപിച്ച ഗ്രാന്റുകൾ കേന്ദ്രം വൈകിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ജില്ല വികസന ഏകോപന, നിരീക്ഷണ സമിതികളുടെ (ദിശ) പ്രവർത്തനത്തെക്കുറിച്ചുള്ള അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഭദ്ര അപ്പർ റിവർ പദ്ധതിക്ക് 5300 കോടി രൂപ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ ഇതുവരെ സംസ്ഥാനത്തിന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ചിക്കമഗളൂരു, ചിത്രദുർഗ, ദാവൺഗരെ, തുമകൂരു ജില്ലകളിലായി ഏകദേശം 2.25 ലക്ഷം ഹെക്ടറിൽ ജലസേചനം നടത്താനും ഏകദേശം 19 ടി.എം.സി.എഫ്.ടി വെള്ളം പ്രയോജനപ്പെടുത്താനുമാണ് അപ്പർ ഭദ്ര പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ, 350ലധികം ടാങ്കുകളിൽ 10.8 ടി.എം.സി.എഫ് വെള്ളം നിറക്കാനും വാണി വിലാസ് റിസർവോയറിന്റെ ശേഷി വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പതിനഞ്ചാം ധനകാര്യ കമീഷനിൽ തടാകത്തിനും പെരിഫറൽ റിങ് റോഡിനും ഉൾപ്പെടെ 5495 കോടി രൂപയുടെ പ്രത്യേക ഗ്രാന്റ് കേന്ദ്രം നൽകേണ്ടതായിരുന്നു.
എന്നാൽ, സംസ്ഥാനത്തിന് ഒരു തുകയും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിൽനിന്ന് കേന്ദ്രത്തിന് 4.5 ലക്ഷം കോടി രൂപ നികുതി അടക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിൽനിന്ന് ഒരു ചെറിയ തുക പോലും സംസ്ഥാനത്തിന് സഹായം ലഭിക്കുന്നില്ല. കേന്ദ്ര ധനസഹായമുള്ള പദ്ധതികൾക്ക് പോലും നൽകാത്ത കേന്ദ്രം, വികസനത്തിന് സംസ്ഥാന സർക്കാറിന് പണമില്ലെന്നും ആരോപിക്കുകയാണ്.
സാമൂഹിക സുരക്ഷ പദ്ധതി പ്രകാരം വിധവ പെൻഷൻ, വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ പദ്ധതികൾക്കുള്ള സംസ്ഥാന ഗ്രാന്റ് 5665.95 കോടി രൂപയും കേന്ദ്ര ഗ്രാന്റ് 559.61 കോടി രൂപയുമാണ്. എന്നാൽ, കേന്ദ്രം 113.92 കോടി രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്ന് സിദ്ധരാമയ്യ പറഞ്ഞു. സാമൂഹിക പദ്ധതികൾക്കുള്ള ഗ്രാന്റുകൾ കേന്ദ്രം വെട്ടിക്കുറച്ചാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. താൻ രണ്ടുതവണ നിർമല സീതാരാമനെ കണ്ട് അഭ്യർഥന നടത്തി. പക്ഷേ, അവർ പരിഗണിച്ചില്ല. ഇക്കാര്യത്തിൽ കർണാടകയിൽ നിന്നുള്ള എം.പിമാർ നിശ്ശബ്ദത പാലിക്കുകയാണെന്നും സിദ്ധരാമയ്യ വിമർശിച്ചു. എം.പിമാർ ഒരുമിച്ച് ഗ്രാന്റുകൾ നിശ്ചിത സമയത്തിനുള്ളിൽ പുറത്തിറക്കാൻ ശ്രമിക്കണം. ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കരുത് -മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
സംസ്ഥാനം നൽകുന്ന വിവിധ പെൻഷനുകളെക്കുറിച്ച് സംസാരിക്കുമ്പോൾ, സംസ്ഥാന സർക്കാർ ആകെ 5665 കോടി രൂപ പെൻഷനുകൾ നൽകുന്നുണ്ടെന്നും കേന്ദ്ര സർക്കാർ 559 കോടി രൂപ സംഭാവന ചെയ്യുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇത്ര ചെറിയ തുക പോലും നൽകാൻ കേന്ദ്ര സർക്കാറിന് കഴിയുന്നില്ല. കേന്ദ്ര സർക്കാറിൽനിന്ന് ലഭിക്കേണ്ട പെൻഷനുകൾ രണ്ട് വർഷമായി സംസ്ഥാനത്തിന് നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ കേന്ദ്രത്തിനും കേന്ദ്രമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും അയച്ച കത്തുകളുടെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എം.ജി.എൻ.ആർ.ഇ.ജി.എസ്) പദ്ധതിക്കു കീഴിലുള്ള ഫണ്ട് ഇതുവരെ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സിദ്ധരാമയ്യയുടെ ശ്രദ്ധയിൽപ്പെടുത്തി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കർമപദ്ധതി മൂന്ന് മാസത്തിനുള്ളിൽ തയാറാക്കണമെന്ന് സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 2024-25 വർഷത്തേക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രകാരം സംസ്ഥാനത്തിന്റെ ഗ്രാന്റ് 24,960 കോടി രൂപയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികളിലെ കേന്ദ്ര വിഹിതം 22,758 കോടി രൂപയാണെന്നും അതിൽ 18,561 കോടി രൂപ മാത്രമേ കേന്ദ്രം അനുവദിച്ചിട്ടുള്ളൂവെന്നും 4195 കോടി രൂപ ഇപ്പോഴും കുടിശ്ശികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം 2023-24ൽ 7656 കോടി രൂപയും 2024-25ൽ 3233 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

