നേതൃമാറ്റം; തീരുമാനം രാഹുൽ ഗാന്ധിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsകെ.പി.സി.സി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും ഡി.സി.എമ്മുമായ സച്ചിൻ പൈലറ്റ്, കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ എന്നിവർ
ബംഗളൂരു: കോൺഗ്രസ് നേതൃമാറ്റം സംബന്ധിച്ച എന്തു തീരുമാനവും രാഹുൽ ഗാന്ധി എടുക്കുമെന്നും അദ്ദേഹം എന്ത് തീരുമാനിച്ചാലും പാർട്ടി അത് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ‘രാഹുൽ ഗാന്ധി തീരുമാനിക്കും. അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്’ അദ്ദേഹം പറഞ്ഞു.
നേതൃമാറ്റം സംബന്ധിച്ച ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി ഇതൊരു മാധ്യമ സൃഷ്ടിയാണെന്ന് വിശേഷിപ്പിച്ചു.വിഷയം നിയമസഭയിൽ ഇതിനകം ചർച്ച ചെയ്തിട്ടുണ്ടെന്നും ഒരേ ചോദ്യം ആവർത്തിച്ച് ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി കെ.എൻ. രാജണ്ണ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ‘ശിവകുമാർ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റാണ്. അദ്ദേഹം കൂടിക്കാഴ്ച നടത്തട്ടെ. അതില്‍ എന്താണ് തെറ്റ്? ഞാൻ അധികാരത്തിലിരിക്കുന്നതോ മറ്റാരെങ്കിലും അധികാരത്തിലിരിക്കുന്നതോ എന്നത് പ്രശ്നമല്ലെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സഹോദരന്മാരെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും എല്ലാവർക്കും സ്വീകാര്യമായിരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സച്ചിൻ പൈലറ്റ് പറഞ്ഞു.
കെ.പി.സി.സി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ തൊട്ടടുത്ത് ഇരുത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് (ശിവകുമാർ) മുഖ്യമന്ത്രിയെ (സിദ്ധരാമയ്യ) തന്റെ ജ്യേഷ്ഠൻ എന്ന് വിളിക്കുകയും മുഖ്യമന്ത്രി ശിവകുമാർ തന്റെ ഇളയ സഹോദരനാണെന്ന് പറയുകയും ചെയ്യുമ്പോൾതന്നെ പ്രശ്നം പരിഹരിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

