യത്നാലിന്‍റെ പ്രചാരണത്തിന് എതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്‌നാലിനെ തിരികെ കൊണ്ട് വന്നതിലൂടെ ബി.ജെ.പി ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ബി.ജെ.പി സ്ഥാനാർഥി വീരഭദ്രയ്യ ചരന്തിമഠത്തിന് വേണ്ടി യത്നാൽ ബാഗൽകോട്ടിൽ വ്യാപകമായി പ്രചാരണം നടത്തിവരികയാണ്. സിറ്റിങ് എം.എൽ.എ. എച്ച്.വൈ മേട്ടിയുടെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ ഉമേഷ് മേട്ടിയാണ് എതിരാളി.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കും മക്കളായ ശിവമൊഗ്ഗ എം.പി. ബി.വൈ. രാഘവേന്ദ്രക്കും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും ശിക്കാരിപുര എം.എൽ.എയുമായ ബി.വൈ. വിജയേന്ദ്രക്കുമെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് യത്നാലിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്നതിനുള്ള തെളിവായാണ് യത്‌നാലിനെ പ്രചാരണത്തിനായി കൊണ്ടുവന്നതെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കോൺഗ്രസ് അധികാരവും പണവും ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടിയായി ബി.ജെ.പിയാണ് അങ്ങനെ ചെയ്യുകയെന്ന് അദ്ദേഹം തിരിച്ചടിച്ചു. നുണ പറയുന്നതിൽ ബി.ജെ.പിക്ക് പരിധികളില്ല. അവർ പറയുന്നതിൽ സത്യമില്ലെന്നും പറയുന്നത് ഒന്നും അവര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതേരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തെയും മുഖ്യമന്ത്രി സ്ഥാനത്തെയും ബാധിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദം തള്ളിക്കളഞ്ഞ സിദ്ധരാമയ്യ ബഗൽകോട്ട്, ദാവൻഗരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

