ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അഭിനവ ഹാലശ്രീ സ്വാമി ഒളിവിൽ
text_fieldsഅഭിനവ ഹാലശ്രീ സ്വാമിയും ചൈത്ര കുന്താപുരയും (ഫയൽ ചിത്രം)
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ ബൈന്തൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽനിന്ന് അഞ്ചുകോടി രൂപ തട്ടിയ കേസിൽ മൂന്നാം പ്രതി വിജയനഗര ഹൊസപേട്ട് ഹിരെ ഹദഗളി സമസ്താന മഠത്തിലെ അഭിനവ ഹാലശ്രീ സ്വാമി ഒളിവിൽ. കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ഹിന്ദുത്വ വനിത നേതാവും വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധയുമായ ചൈത്ര കുന്താപുരയാണ് കേസിലെ ഒന്നാം പ്രതി. അഞ്ചു കോടിയിലെ ഒന്നര കോടിയാണ് ചൈത്രയുടെ നിർദേശപ്രകാരം സ്വാമിക്ക് വ്യവസായി നൽകിയത്. ഈ പണം ഉപയോഗിച്ച് സ്വാമി പെട്രോൾ പമ്പിൽ നിക്ഷേപം നടത്തുകയും കൃഷിഭൂമി വാങ്ങുകയും ചെയ്തതായാണ് വിവരം.
അതേസമയം, അറസ്റ്റിലായ ചൈത്രയെ വെള്ളിയാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലാക്കി. രാവിലെ ക്രൈംബ്രാഞ്ച് ഡിവിഷനൽ ഓഫിസിൽ അസി. പൊലീസ് കമീഷണർ റീന സുവർണയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യവെയാണ് സംഭവം. അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ ഉടൻ ബംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
ചൈത്ര തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ചൈത്രയെ വനിത പുനരധിവാസ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരുന്നത്. രാവിലെ സി.സി.ബി ഓഫിസിലെത്തി ചോദ്യം ചെയ്യൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു ചൈത്ര അബോധാവസ്ഥയിലായത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടിയെടുത്ത കേസിലാണ് എ.ബി.വി.പി മുൻ നേതാവ് കൂടിയായ ചൈത്ര കുന്താപുര പിടിയിലായത്.
ബംഗളൂരുവിൽ ഹോട്ടൽ ബിസിനസും ഷെഫ് ടോക്ക് ന്യൂട്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കേറ്ററിങ് ബിസിനസും നടത്തുന്ന ഉഡുപ്പി ബൈന്തൂർ സ്വദേശി ഗോവിന്ദ ബാബു പൂജാരി ബംഗളൂരു ബന്ദെപാളയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസാണ് (സി.സി.ബി) ചൈത്രയെ അറസ്റ്റ് ചെയ്തത്.
ചൈത്രയെ കേസിൽ കുടുക്കിയെന്ന് മാതാവ്
മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലം വാഗ്ദാനം ചെയ്ത് വ്യവസായിയിൽനിന്ന് കോടികൾ കോഴ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ ചൈത്ര കുന്താപുരയെ പൊലീസ് കുടുക്കിയതാണെന്ന് മാതാവ് രോഹിണി. കുന്താപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഈ കേസിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല. മകളെ ഉഡുപ്പിയിൽനിന്ന് കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് തന്നെ വിളിച്ചിരുന്നു. ചൈത്രയും ആ സമയം ഫോണിൽ സംസാരിച്ചു. ഭയപ്പെടാൻ ഒന്നുമില്ല, അമ്മ ധൈര്യമായിരിക്ക് എന്നാണ് അവൾ പറഞ്ഞത്. മറ്റുള്ളവരുടെ പണം നമുക്ക് വേണ്ടമ്മേ എന്ന് പറയാറുള്ളയാളാണ് ചൈത്രയെന്നും മാതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

