സർക്കാർ നേതൃമാറ്റം: വിടാതെ ബി.ജെ.പി
text_fieldsബംഗളൂരു: സർക്കാർ നേതൃമാറ്റത്തെക്കുറിച്ച് മിണ്ടരുതെന്ന് കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് താക്കീത് നൽകിയെങ്കിലും വിഷയത്തിന്റെ ചൂടാറാതിരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കോൺഗ്രസിനകത്തെ അസംതൃപ്തരെ ലക്ഷ്യമിട്ട് മുഖ്യമന്ത്രിമാറ്റത്തെക്കുറിച്ച് കുറച്ചുദിവസങ്ങളായി ബി.ജെ.പിയും ഇടപെടൽ നടത്തുന്നുണ്ട്.തങ്ങളുടെ ആഭ്യന്തരവിഷയത്തിൽ ബി.ജെ.പി തലയിടേണ്ടെന്ന് സിദ്ധരാമയ്യ മറുപടി നൽകിയിരുന്നെങ്കിലും ബി.ജെ.പി നേതാക്കൾ പ്രസ്താവനകൾ തുടരുകയാണ്.
ബിഹാർ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാന ഭരണ നേതൃത്വത്തിൽ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഏറ്റവുമൊടുവിൽ, ബി.ജെ.പി അധ്യക്ഷനും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകനുമായ ബി.വൈ. വിജയേന്ദ്ര പറഞ്ഞത്. നവംബറിലാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബറിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ കുനിയൽ എം.എൽ.എ എച്ച്.ഡി. രംഗനാഥയും മുൻ എം.പി. എൽ.ആർ. ശിവരാമഗൗഡയും പറഞ്ഞിരുന്നു.
‘‘മുഖ്യമന്ത്രി സിദ്ധരാമയ്യ എന്തോ തിരക്കിലാണ്. അദ്ദേഹം തന്റെ ശക്തിപ്രകടനമാണ് രണ്ടുമാസം മുമ്പ് മൈസൂരുവിൽ നടത്തിയത്. കോൺഗ്രസിനകത്ത് നേതൃമാറ്റത്തെച്ചൊല്ലി പ്രശ്നങ്ങളുണ്ട്.അതുകൊണ്ടാണ് പരസ്യപ്രസ്താവന വിലക്കി പ്രവർത്തകർക്ക് നിർദേശം നൽകിയത്’’. മുകളിൽനിന്ന് തീരുമാനം വരുമെന്ന അർഥത്തിലാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഹൈകമാൻഡ് തീരുമാനിക്കും എന്ന് പറഞ്ഞതെന്നും വിജയേന്ദ്ര ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി മാറ്റം സംഭവിച്ചാൽ അതിൽ ബി.ജെ.പിയുടെ പങ്ക് എന്തായിരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തങ്ങൾ പ്രതിപക്ഷത്തിരിക്കുമെന്നായിരുന്നു വിജയേന്ദ്രയുടെ മറുപടി. അതേസമയം, പാർട്ടിക്കകത്ത് പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രിയായി സിദ്ധരാമയ്യതന്നെ തുടരുമെന്നുമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിലപാട്. പരസ്യപ്രസ്താവന നടത്തിയ എച്ച്.ഡി. രംഗനാഥക്കും എൽ.ആർ. ശിവരാമഗൗഡക്കും അച്ചടക്കം ലംഘിച്ചതിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

