ബംഗളൂരുവില്‍ വരും ദിവസങ്ങളിൽ മഴക്ക് സാധ്യത
text_fieldsബംഗളൂരു: കനത്ത ചൂടില്‍ നിന്നൊരാശ്വാസമായി വാരാന്ത്യത്തോടെ ബംഗളൂരുവില്‍ മഴയെത്തുമെന്ന് പ്രവചനം. ഞായര്‍, തിങ്കള്‍ ദിവസങ്ങളിൽ ബംഗളൂരുവടക്കം തെക്കന്‍ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലിനും കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ബംഗളൂരുവില്‍ ആകാശം മേഘാവൃതമാണ്.
വാരാന്ത്യത്തിലെ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസുമാണ്. ബംഗളൂരു നഗരത്തിലെ ഏറ്റവും ഉയര്‍ന്ന കാലാവസ്ഥ 35.5 ഡിഗ്രി സെല്‍ഷ്യസ് വ്യാഴാഴ്ച രേഖപ്പെടുത്തി. സാധാരണ ഗതിയില്‍ വേനല്‍ക്കാലത്ത് രേഖപ്പെടുത്തുന്ന താപനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് അധികമാണ് ഇത്.
കലബുറഗിയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്; 40.7 ഡിഗ്രി സെല്‍ഷ്യസ്. ബെള്ളാരി- 40.6 ഡിഗ്രി സെല്‍ഷ്യസ്, റായ്ച്ചൂര്‍- 40.2 ഡിഗ്രി സെല്‍ഷ്യസ്, വിജയപുര- 39.2 ഡിഗ്രി സെല്‍ഷ്യസ്, ഗദഗ്- 39 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം അന്തരീക്ഷ താപം രേഖപ്പെടുത്തിയത്.