ചല്ലഘട്ടെ-വൈറ്റ്ഫീൽഡ് റൂട്ടിൽ ഇനി തടസ്സമില്ലായാത്ര
text_fieldsചല്ലഘട്ട സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച മെട്രോ
സർവിസ് തുടങ്ങിയപ്പോൾ
ബംഗളൂരു: യാത്രക്കാരുടെ ഏറെ നാളായുള്ള മുറവിളി ഒടുവിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബി.എം.ആർ.സി.എൽ) കേട്ടു. നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഇനി പൂർണമായി ഒറ്റ സ്ട്രച്ചിൽ സഞ്ചരിക്കാം. പർപ്പിൾ ലൈനിലെ ബൈയപ്പനഹള്ളി-കെ.ആർ പുരം, ചല്ലഘട്ട-കെങ്കേരി പാതകൾ തിങ്കളാഴ്ച പുലർച്ച അഞ്ചിന് തുറന്നുകൊടുത്തതോടെയാണിത്. ചല്ലഘട്ടെ മുതൽ കാടുഗൊഡി (വൈറ്റ്ഫീൽഡ്) വരെ 42.49 കിലോമീറ്റർ ദൂരം ഒറ്റ ട്രെയിനിൽ സഞ്ചരിക്കാൻ സഹായിക്കുന്നതാണ് ഇരുപാതകളും.
നിലവിൽ കെങ്കേരി ഭാഗത്തുനിന്ന് വൈറ്റ്ഫീൽഡിലേക്ക് പോകുന്നവർ ബൈയ്യപ്പനഹള്ളിയിൽ ഇറങ്ങി മറ്റ് മാർഗങ്ങളിലൂടെ കെ.ആർ പുരത്തെത്തി വീണ്ടും മെട്രോ യാത്ര തുടങ്ങേണ്ടിയിരുന്നു. ഈ അവസ്ഥയാണ് തിങ്കളാഴ്ചേയാടെ മാറിയത്. ബൈയപ്പനഹള്ളിയിൽ ഇറങ്ങി പുറത്തുവന്ന് പിന്നീട് മറ്റ് വാഹനങ്ങളിൽ കെ.ആർ പുരം സ്റ്റേഷനിൽ എത്തി മെട്രോയിൽ തുടർയാത്ര നടത്തുമ്പോൾ 30 മിനിറ്റിലധികം സമയം യാത്രക്കാർക്ക് പാഴാകുമായിരുന്നു.
എന്നാൽ, പുതിയ പാതകളിൽ സർവിസ് തുടങ്ങിയതോടെ മിനിറ്റുകൾക്കുള്ളിൽ കെ.ആർ പുരവും താണ്ടി വൈറ്റ്ഫീൽഡിൽ എത്താനാകും. ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 75,000ത്തിൽനിന്ന് 80,000 ആയി ഉയരുമെന്ന് ബി.എം.ആർ.സി.എൽ എം.ഡി അഞ്ജും പർവേസ് പറഞ്ഞു.
ഇരുപാതകളും തുറന്നത് സ്ഥിരം മെട്രോ യാത്രക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. പ്രത്യേക ഉദ്ഘാടന ചടങ്ങുകൾ ഒന്നുമില്ലാതെയാണ് ബി.എം.ആർ.സി.എൽ പാതകൾ തുറന്നുകൊടുത്തത്. ഇതാദ്യമായാണ് ഉദ്ഘാടന ചടങ്ങുകളോ വി.ഐ.പികളുടെ പ്രാതിനിധ്യമോ ഇല്ലാതെ പുതിയ പാതകളിൽ സർവിസ് തുടങ്ങുന്നത്. സ്ഥിരം യാത്രക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വൻസമ്മർദം ഉയർന്നതോടെയാണ് ചടങ്ങുകൾ ഇല്ലാതെ പെട്ടെന്നുതന്നെ സർവിസ് തുടങ്ങാൻ ബി.എം.ആർ.സി.എല്ലിനെ പ്രേരിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പാണ് പാതയിൽ റെയിൽവേ സുരക്ഷ കമീഷണറുടെ പരിശോധന പൂർത്തിയായത്. നേരത്തേ സെപ്റ്റംബർ അവസാനത്തോടെ സർവിസ് തുടങ്ങാനാണ് മെട്രോ റെയിൽ കോർപറേഷൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത് വൈകിയതോടെയാണ് നീണ്ടുപോയത്. തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പാതകൾ ആകെ 4.15 കിലോമീറ്ററാണുള്ളത്. ഇതോടെ നമ്മ മെട്രോയുടെ ആകെ ദൂരം 69.66 കിലോമീറ്ററിൽനിന്ന് 73.81 കിലോമീറ്ററായി.
43 കിലോമീറ്റർ, ടിക്കറ്റ് നിരക്ക് 60 രൂപ
ചല്ലഘട്ട മുതൽ കടുഗോഡി (വൈറ്റ്ഫീൽഡ്) വരെ 43 കിലോമീറ്ററാണുള്ളത്. 80 മിനിറ്റാണ് യാത്രാസമയം. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. പർപ്പിൾ ലൈനിൽ ആകെ 37 സ്റ്റേഷനുകളാണുള്ളത്. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 10.45നാണ് പുറപ്പെടുക.
സെൻട്രൽ സിൽക്ക് ബോർഡിലേക്ക് ഫീഡർ ബസുകൾ
കെ.ആർ പുരം മെട്രോ സ്റ്റേഷനിൽനിന്ന് സെൻട്രൽ സിൽക്ക് ബോർഡിലേക്ക് ബി.എം.ടി.സി ഫീഡർ ബസ് സർവിസുകൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി 15 ബസുകളാണുള്ളത്. നേരത്തേ ബൈയപ്പനഹള്ളിക്കും കെ.ആർ പുരത്തിനും ഇടയിലായിരുന്നു ഫീഡർ ബസുകൾ ഓടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

