സി.എച്ച് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്കരണം നടപ്പാക്കി -സിറാജ് ഇബ്രാഹിം സേട്ട്
text_fieldsകർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ നടത്തിയ സി.എച്ച്. മുഹമ്മദ് കോയ നാഷനൽ
പൊളിറ്റിക്കൽ സിമ്പോസിയം സിറാജ് ഇബ്രാഹിം സേട്ട് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ മികച്ച നേതാക്കളിലൊരാളുമായ സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക പരിഷ്കരണം നടപ്പിൽ വരുത്തിയ നേതാവാണെന്ന് ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് നാഷനൽ വൈസ് പ്രസിഡന്റ് സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ നാഷനൽ പൊളിറ്റിക്കൽ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എച്ചിന്റെ ലോകം എന്ന വിഷയത്തിൽ നടന്ന സിമ്പോസിയത്തിൽ അദ്ദേഹത്തിന്റെ ജീവ ചരിത്രം, പൊതു ജീവിതത്തിൽ ഉയർത്തിപ്പിടിച്ച ആശയങ്ങൾ, കേരളീയ പൊതു സമൂഹത്തിന് വിശിഷ്യാ മുസ്‍ലിം സമുദായത്തിന് നൽകിയ സംഭാവനകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. എസ്.വൈ.എസ് കേരള വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ സി. ഹംസ ‘സി.എച്ച്. ഇന്ത്യൻ മതന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ വഴികാട്ടി’എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രമുഖ സാഹിത്യ നിരീക്ഷകൻ ഇ.എം.എസ് പഠനവേദി ചെയർമാൻ ആർ.വി. ആചാരി മുഖ്യാതിഥിയായി.
കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ നൽകുന്ന ആദ്യ സി.എച്ച്. മെമ്മോറിയൽ മാനവ സേവ പുരസ്കാർ അവാർഡിന് എം.എം.എ. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദിനെ തെരഞ്ഞെടുത്തതായി ജൂറി അംഗം ഈസ നീലസന്ദ്ര അറിയിച്ചു. കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ നടത്തിയ സിമ്പോസിയത്തിൽ പ്രസിഡന്റ് ടി.ടി.കെ. ഈസ അധ്യക്ഷത വഹിച്ചു.
എം.എം.എ. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, എസ്.വൈ.എസ്. ബംഗളൂരു ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.കെ. അഷ്‌റഫ്, കെ.എച്ച്. ഫാറൂഖ് തണൽ ബംഗളൂരു, അഡ്വ. ഉസ്മാൻ, ബാംഗ്ലൂർ കെ.എം.സി.സി സ്ഥാപക നേതാവ് ശംസുദ്ദീൻ കൂടാളി, കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ രക്ഷാധികാരികളായ സി.കെ. നൗഷാദ് ബൊമ്മനഹള്ളി, നാസർ ബൻശങ്കറി, ശംസുദ്ദീൻ സാറ്റലൈറ്റ് തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് സെക്രട്ടറി അബദുസ്സമദ് മൗലവി മാണിയൂർ പ്രാർഥന നിർവഹിച്ചു. ജന. സെക്രട്ടറി നാദിർഷ ജയനഗർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സി.എച്ച്. ഷാജൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

